കോഴിക്കോട് ∙ കോർപറേഷൻ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ സ്ഥാനാർഥിത്തർക്കത്തിലും ഗ്രൂപ്പു പോരിലും വലഞ്ഞ് മുസ്‌ലിം ലീഗ്. ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ മുഖദാർ, കുറ്റിച്ചിറ, അരക്കിണർ, നല്ലളം, പയ്യാനക്കൽ, നദീനഗർ, മൂന്നാലിങ്കൽ, പന്നിയങ്കര, കോവൂർ ഡിവിഷനുകളിലാണ് തർക്കം രൂക്ഷം. വ്യാഴം വൈകിട്ട് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിരുന്നു നീക്കമെങ്കിലും തർക്കം മൂലം നീട്ടിവയ്ക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം പട്ടിക പുറത്തിറക്കാനാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം.
സമവായശ്രമം വിജയിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധത്തിനും വിമതസ്ഥാനാർഥികൾ രംഗത്തിറങ്ങാനും സാധ്യതയുണ്ട്. സമവായ ശ്രമത്തിന്റെ ഭാഗമായി രണ്ടു ഘട്ടമായി പട്ടിക പുറത്തിറക്കുന്നതും നേതൃത്വം പരിഗണിക്കുന്നു. യുഡിഎഫിലെ ധാരണയനുസരിച്ച് 25 സീറ്റിലാണ് ലീഗ് മൽസരിക്കുന്നത്. കോൺഗ്രസ് 49 സീറ്റിലും സിഎംപി 2 സീറ്റിലും മൽസരിക്കും.
ജില്ലാ നേതൃത്വവും മണ്ഡലം ഭാരവാഹികളും പലവട്ടം ചർച്ച ചെയ്തെങ്കിലും സ്ഥാനാനാർഥിത്തർക്കം പരിഹരിക്കാനായിരുന്നില്ല. സംഘടനാ തലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ആഴ്ച നേരിട്ടെത്തി ജില്ലാ നേതാക്കൾക്കു നിർദേശം നൽകിയിരുന്നെങ്കിലും സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയതോടെ ചേരിതിരിവു രൂക്ഷമാകുകയായിരുന്നു. ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ കോവൂരിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുന്നതും ലീഗ് പരിഗണിക്കുന്നതായാണ് വിവരം.

















































