തൃശ്ശൂര്‍: എയിംസിന് തറക്കല്ലിടാതെ താന്‍ വീണ്ടും വോട്ട് അഭ്യര്‍ഥിച്ച് വരില്ലെന്ന പറഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ വികസനത്തിന് താൻ അനുവദിക്കുന്ന ഫണ്ട് കൃത്യമായ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ആരോപിച്ചു. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന എസ്ജി കോഫിടൈം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് കൃത്യമായി ഉപയോഗിക്കാതെ കോർപ്പറേഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു.
തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ട് ഒന്നും കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ കോര്‍പറേഷന്‍ രാഷ്ട്രീയ വിരോധം കാണിക്കുകയാണെന്നും അതിനൊരു മാറ്റം ഉണ്ടാകണം- അദ്ദേഹം പറഞ്ഞു. കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, ഫുട്ബോള്‍താരം ഐ.എം. വിജയന്‍, ബിജെപി സിറ്റി അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം ഭരണം തന്നില്ലെങ്കിലും 21 എംഎല്‍എമാരെ തന്നു കഴിഞ്ഞാല്‍ കേരളം നിങ്ങള്‍ തന്നെ ഭരിക്കുന്നത് കാണാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡിവിഷനില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. ഒല്ലൂരില്‍ ട്രാക്ക് വികസനം അനിവാര്യമാണ്. റെയില്‍വേ സ്റ്റേഷന്‍ വികസനം പരിഗണനയിലുണ്ട്. ഏക പ്ലാറ്റ് ഫോം മാത്രമുള്ള ഒല്ലൂരില്‍ രണ്ടാം ട്രാക്കിന് വേണ്ട സ്ഥലം ഏറ്റെടുത്ത് തരാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ വികസനവുമായി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. എടക്കുന്നി, പുല്ലഴി, കാര്യാട്ടുകര, നെല്ലങ്കര തുടങ്ങിയ ഡിവിഷനുകളിലും കോഫി ടൈം പരിപാടി നടന്നു.
















































