ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി ഉയർത്തിയതിനു പിന്നാലെ കളിയുടെ ഗതി മാറ്റിയ ഷഫാലി മാജിക് എങ്ങനെ സംഭവിച്ചുവെന്ന് വിവരിക്കുകയാണ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.
ഹർമൻപ്രീത് കൗർ പറയുന്നത് ഇങ്ങനെ:
” ലോറയും സുനെയും ബാറ്റ് ചെയ്യുമ്പോൾ അവർ വളരെ മികച്ച രീതിയിൽ പോകുന്നതായി തോന്നി. അപ്പോൾ ഷഫാലി നിൽക്കുന്നത് ഞാൻ കണ്ടു. നേരത്തേ അവൾ ബാറ്റ് ചെയ്ത രീതിവെച്ച് ഇന്ന് അവളുടെ ദിവസമാണെന്ന് എനിക്ക് തോന്നി. അവൾക്ക് ഒരു ഓവർ കൊടുക്കാൻ എന്റെ മനസ് എന്നോട് പറഞ്ഞു. ഞാൻ ആ തോന്നലിനൊപ്പം പോകാൻ തീരുമാനിച്ചു. അവളോട് തയ്യാറാണോ എന്ന് ചോദിച്ചു. അവൾ ഉടൻ തന്നെ അതെ എന്ന് മറുപടി വന്നു. അത് ഫലം കണ്ടു”.
അതേസമയം ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ റിസർവ് ടീമിൽ പോലും ഇടമില്ലാത്ത താരമായിരുന്നു ഷഫാലി. ഒടുവിൽ ഷഫാലിയുടെ സ്ഥാനത്ത് തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരുന്ന പ്രതിക റാവലിന് പരുക്കേൽക്കുന്നതോടെയാണ് സെലക്ടർമാർ ഷഫാലിയെ ലോകകപ്പ് ടീമിലേക്ക് വിളിക്കുന്നത്.
നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചത്. അതിൽ ഷഫാലിയുടെ 87 റൺസും നിർണായക രണ്ടു വിക്കറ്റും കളിയെ ഇന്ത്യയുടെ വരുതിയിലെത്തിച്ചിരുന്നു. കളിയിലെ താരവും 21 കാരി ഷഫാലി തന്നെയായിരുന്നു.
			


































                                





							






