തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെ വെട്ടിലാക്കി പാര്‍ട്ടി മുന്‍ വക്താവ് എം.എസ്.കുമാറിന്റെ വെളിപ്പെടുത്തല്‍.അനില്‍ പ്രസിഡന്റായിരുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഈ സഹകരണ സംഘത്തില്‍നിന്നും വായ്പയെടുത്തവരില്‍ തിരിച്ചടക്കാത്തത് 90 ശതമാനവും ബിജെപിക്കാര്‍ തന്നെയാണെന്നും അതില്‍ സംസ്ഥാന ഭാരവാഹികള്‍ വരെയുണ്ടെന്നും എംഎസ് കുമാര്‍ വെളിപ്പെടുത്തി.
‘കൂടെ നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ സഹകരിക്കാതെ മാറിനില്‍ക്കുന്ന സ്ഥിതി വന്നത് കൊണ്ട് കൂടിയാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്’ എന്നും കുമാര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ചര്‍ച്ചയാകാന്‍ പോകുന്നത് കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കുമെന്നും ബിജെപി മുന്‍ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു. അനിലിന്റെ സഹകരണ സംഘത്തില്‍ വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേര് വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിടുമെന്നും എം.എസ്.കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

















































