ചെന്നൈ: വിജയ് ഒന്നു ക്ഷമ പറഞ്ഞതോടെ, ഒന്നു ചേർത്തു നിർത്തിയതോടെ പലരുടേയും ദേഷ്യം മാറി, ചിലർ സഹായം തന്നെ നിരസിച്ചു. കരൂർ ദുരന്തത്തിൽ പല മുഖങ്ങൾ വെളിച്ചത്തിലേക്ക്. കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ് അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കാലിൽ വീണു മാപ്പു പറഞ്ഞെന്നുമാണ് ചിലരുടെ വെളിപ്പെടുത്തൽ. പാർട്ടി പരിപാടിക്കിടെ ഉന്തിലും തള്ളിലും 2 കൊച്ചുമക്കളെയും മരുമകളെയും നഷ്ടമായ കരൂർ തന്തോണിമല സ്വദേശിനി വേണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷമ ചോദിച്ച വിജയ്, കുടുംബത്തിനു വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തതായും പറഞ്ഞു. വിജയ് ക്ഷീണാവസ്ഥയിലാണെന്നും മെലിഞ്ഞിരിക്കുകയാണെന്നും വേണി വെളിപ്പെടുത്തുന്നു.
അതിനിടെ, കരൂരിൽ നേരിട്ടെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാത്ത വിജയ്‌യുടെ നടപടിയിൽ പ്രതിഷേധിച്ച് യുവതി, തനിക്കു ലഭിച്ച 20 ലക്ഷം രൂപ നഷ്ടപരിഹാരത്തുക തിരികെ നൽകുകയുണ്ടായി. ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു നടനെതിരെ രംഗത്തെത്തിയത്. വീഡിയോ കോളിൽ സംസാരിച്ച വിജയ് നേരിട്ട് ഇവിടെയെത്തുമെന്ന് ഉറപ്പു നൽകിയിരുന്നതായും എന്നാൽ, അതുണ്ടായില്ലെന്നും യുവതി പറയുന്നു.
പക്ഷെ സംഗവിയുടെ ഭർത്താവിന്റെ ബന്ധുക്കളിൽ ചിലർ വിജയ് മഹാബലിപുരത്തെ ഹോട്ടലിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതു തന്റെ അറിവോടെയല്ലെന്നാണു യുവതിയുടെ വിശദീകരണം. എന്നാൽ യുവതിയുടെ തീരുമാനത്തിനു പിന്നിൽ പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടലാണെന്ന ആരോപണവുമായി ഭർത്താവിന്റെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, തിരുച്ചിറപ്പള്ളിയിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷം വിക്രവാണ്ടിയിൽ നടന്ന സമ്മേളനത്തിനിടെ ജീവൻ നഷ്ടമായ ടിവികെ ഭാരവാഹികളായ ശ്രീനിവാസൻ, കലൈയി എന്നിവരെയും കുടുംബങ്ങളെയും വിജയ് മറന്നെന്നും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ചാണു പോസ്റ്ററുകൾ. ഇരു സംഭവങ്ങളിലും ടിവികെ പ്രതികരിച്ചിട്ടില്ല.
അതേസമയം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ മഹാബലിപുരത്തെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി കണ്ടപ്പോഴത്തെ നാടകീയ സംഭവങ്ങളെക്കുറിച്ച് പല വിവരങ്ങളും പുറത്തുവന്നുതുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ 9 നു ഹോട്ടലിലെത്തിയ വിജയ് മരിച്ചവരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ഓരോ കുടുംബത്തെയും പ്രത്യേകം മുറികളിൽ ചെന്നു കണ്ടു. തീർത്തും പതിഞ്ഞ ശബ്ദത്തിലാണു വിജയ് സംസാരിച്ചത്. ഇടയ്ക്കു പലതവണ കരഞ്ഞു. ഓരോ കുടുംബവുമായും 25 മിനിറ്റ് വരെ സംസാരിച്ചെന്നും പറയുന്നു. എന്നാൽ ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം പുകയുന്നുണ്ട്. വിജയുടെ ഈ നീക്കം എതിർ പാർട്ടിക്കാർ ആയുധമാക്കുമെന്നാണ് ടിവികെ നേതാക്കൾ പറയുന്നത്.












































