കൊച്ചി: ആലുവ കുടുംബക്കോടതിയുടെ പരിഗണനയിലുള്ള വിവാഹ മോചനക്കേസിൽ കക്ഷിക്കു വേണ്ടി ഹാജരായ അഭിഭാഷകയ്ക്ക് മർദനം. നെടുമ്പാശ്ശേരി സ്വദേശിനി അഞ്ജു അശോകനെ (32) യാണ് കേസിലെ എതിർകക്ഷിയായ വൈറ്റില തൈക്കൂടം എടത്തുരുത്തി ജോർജ് മർദിച്ചത്. വിവാഹമോചന കേസിൽ ജോർജിന്റെ ഭാര്യയുടെ അഭിഭാഷകയാണ് അഞ്ജു.
സംഭവത്തിൽ അഭിഭാഷകയുടെ പരാതിയിൽ നോർത്ത് പോലീസ് കേസെടുത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരുക്കേൽപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഞായറാഴ്ച വൈകീട്ട് 4.15-നാണ് ആക്രമണമുണ്ടായത്. ഫ്രീഡം റോഡിൽ അഞ്ജു താമസിച്ചിരുന്ന ഫ്‌ലാറ്റിൽ കയറി പ്രതി മർദിച്ചതായാണ് പരാതി. തന്റെ ഇടതു കവിളിൽ അടിക്കുകയും ഇടതുകൈ വളച്ചൊടിക്കുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. തുടർന്ന് അഞ്ജു എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതി പ്രകാരം തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) പ്രകാരം പ്രതിക്ക് മൊഴി രേഖപ്പെടുത്താൻ നോട്ടീസ് നൽകിയതായും എറണാകുളം നോർത്ത് പോലീസ് പറഞ്ഞു.















































