കൊച്ചി: അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുനീക്കി. മുട്ടിന് താഴെയാണ് മുറിച്ചു മാറ്റിയത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിക്കാനാലെങ്കിലും മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ കാൽ മുറിച്ചുമാറ്റാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് കാൽ മുറിച്ചുമാറ്റിയത്.
അതേസമയം അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) ദുരന്തസമയത്തെ മരിച്ചിരുന്നു. സന്ധ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. സന്ധ്യയുടേയും ബിജുവിന്റേയും ഇളയ മകൻ ക്യാൻസർ മൂലം മരിച്ചത് ഒരു വർഷം മുൻപാണ്.















































