കഴിഞ്ഞ കുറച്ചുനാളുകളായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന വാക്ക് നമുക്ക് ഏറെ സുപരിചിതമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്രമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന പദമാണ് എസ്.ഐ.ആർ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം.
കൃത്യമായി പറഞ്ഞാൽ രാഹുൽ ഗാന്ധി വോട്ട് ചോരിയുമായി രംഗത്തെത്തിയ കാലം മുതലെങ്കിലും. കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ മാറ്റം വരുത്തിയ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാകും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളം കൂടാതെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താൻ പോകുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നമ്മുടെ വാതിൽ പടിയ്ക്കൽ എത്തി നിൽക്കുമ്പോൾ എസ്.ഐ.ആറിനെ പറ്റി നമുക്ക് വിശദമായി തന്നെ സംസാരിക്കാം.
> എന്താണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം?
ഒരു ശക്തമായ ജനാധിപത്യ സംവിധാനം ഉറപ്പാക്കുന്നതിൽ കുറ്റമറ്റ വോട്ടർ പട്ടികയ്ക്ക് വലിയ പങ്കാണ് ഉള്ളത്. അതിനാൽ തന്നെ കാര്യക്ഷമായ വോട്ടർ പട്ടിക പരിഷ്‌കരണങ്ങൾ കൃത്യമായ ഇടവേളകളിൽ രാജ്യത്ത് നടക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് രണ്ട് രീതിയിലുള്ള വോട്ടർ പട്ടിക പരിഷ്കരണങ്ങളാണ് ഉള്ളത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും പ്രത്യേക സംഗ്രഹ പരിഷ്‌കരണവും. ഇവ യഥാക്രമം എസ്.ഐ.ആർ, എസ്.എസ്ആർ ഇനീ ചുരുക്കെഴുതുകളിലും അറിയപ്പെടുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ ചിട്ടയായും തീവ്രമായുള്ള പരിഷ്കരണവും പരിശോധനയുമാണ് എസ്.ഐ.ആർ എന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറയാം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അപൂർവമായി മാത്രമാണ് നടക്കാറുള്ളത്. കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അവസാനമായി നടന്നത് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2002ൽ. മരണപ്പെട്ടവർ, താമസം മാറിയവർ, ഒന്നിലധികം തവണ വോട്ടർ പട്ടികയിൽ പേരുള്ളവർ, പൗരന്മാർ അല്ലാത്തവർ എന്നിവരുടെ പേരുകൾ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുകയും അതെ സമയം തന്നെ അർഹരായ എല്ലാ പൗരവന്മാരെയും വോട്ടർപട്ടികയുടെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ് എസ്.ഐ. ആറിന്റെ ഉദ്ദേശം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
ഇനി എസ്.എസ്.ആറിലേക്ക് വന്നാൽ അത് എസ്.ഐ.ആറിനെ അപേക്ഷിച്ച് ലളിതമാണ്. ഒരു വർഷത്തിൽ തന്നെ പല തവണ എസ്.എസ്.ആർ നടത്താറുണ്ട്. പ്രത്യേക സംഗ്രഹ പരിഷ്‌കരണത്തിൽ ഇലക്ട്റൽ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം പട്ടിക പ്രസിദ്ധീകരിക്കുകയും, പ്രസിദ്ധീകരിച്ച പട്ടികയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യുന്നു.
> തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രണ്ടാം ഘട്ടം
ബീഹാറിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം രണ്ടാം ഘട്ടമായി രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ, ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടത്തുക. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തന്നെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാകുന്നത്. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. എസ്‌ഐആർ നടപ്പാക്കുന്ന കേരളം ഉൾപ്പെടെയുള്ള 12 സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വോട്ടർ പട്ടിക തിങ്കളാഴ്ച അർദ്ധരാത്രി 12 മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.
> കേരളത്തിലെ എസ്.ഐ.ആർ
അവസാനമായി കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നത് 2002 ലാണ്. 23 വർഷങ്ങൾക്ക് ഇപ്പുറം തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംസ്ഥാനത്ത് നടത്താൻ ഒരുങ്ങുമ്പോൾ അതിനെ കേരളം സന്തോഷപൂർവ്വമല്ല സ്വീകരിക്കുന്നത്. ഒക്ടോബർ 28 മുതൽ ആരംഭിക്കുന്ന പരിശീലനങ്ങൾ ഉൾപ്പടെയുള്ള പ്രാഥമിക നടപടികൾ നവംബർ 3 വരെ നീളും. തുടർന്ന് നവംബർ 4 മുതൽ ഡിസംബർ ഡിസംബർ 4 വരെ ഒരുമാസക്കാലം ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും. കരട് വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ ഉന്നയിക്കാൻ ജനുവരി 8 വരെ സമയം ലഭിക്കും. ഡിസംബർ 8 മുതൽ ജനുവരി 31 വരെ ഹിയറംഗ്, വെരിഫിക്കേഷൻ പ്രോസസുകൾ നടക്കും. കരട് വോട്ടർ പട്ടിക സംന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിക്കുകയും വോട്ടർ പട്ടികൾ വേണ്ട മാറ്റങ്ങളും വരുത്തി ഫെബ്രുവരി 7ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.
> ആശങ്കളും വിമർശങ്ങളും
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഇതര കക്ഷികൾ എസ്.ഐ.ആർ സംബന്ധിച്ച് വലിയ വിമർശങ്ങൾ ഉന്നയിക്കുന്നുണ്ട്. ബീഹാറിൽ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും അതുസംബന്ധിച്ച് അരങ്ങേറിയ നാടകീയ രംഗങ്ങളുമാണ് പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്കയുണ്ടാക്കുന്നത്. ബീഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പേരെയാണ് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. മരണപ്പെട്ടു എന്ന് അടയാളപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ആളുകൾ ജീവനോടെ സുപ്രീം കോടതിയിൽ ഹാജരാവുന്ന കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. പിന്നോക്ക – ദളിത് – ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള ബൂത്തുകളിൽ വലിയ വെട്ടിനിരത്തലുകൾ നടന്നു എന്ന ആരോപണങ്ങളും ബീഹാറിൽ നിന്ന് ഉയർന്ന കേട്ടു. ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പല തവണ സുപ്രീം കോടതി ഇടപെടുന്ന സാഹചര്യവുമുണ്ടായി. വോട്ട് പുനഃസ്ഥാപിക്കേണ്ട രേഖകളിൽ ആധാർ ഉൾപ്പെടുത്തിയതും സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രമാണ്. ഇപ്പോഴും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസുകൾ കോടതിക്ക് മുന്നിലുണ്ട്.
രാഹുൽ ഗാന്ധി ബീഹാറിൽ നടത്തിയ വോട്ടർ അധികാര യാത്രയിൽ അകാരണമായി വോട്ടർ പട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കി എന്ന പരാതിയുമായി എത്തിയത് ആയിരക്കണക്കിന് മനുഷ്യരായിരുന്നു. ബീഹാറിലെ ഈ അനുവഭവങ്ങൾ എല്ലാം തന്നെ പ്രതിപക്ഷ പാർട്ടികൾക്ക് തീവ്ര വോട്ടർപട്ടിക പരിഷകരണത്തോട് വലിയ എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആറിനെ ആയുധമാകുന്നു എന്ന വിമർശങ്ങൾ പോലും പലകുറി ബീഹാറിൽ ഉയർന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്നത്, ബി.ജെ.പി വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ കളമൊരുക്കുന്ന അജണ്ടയാണിതെന്നുമാണ് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. ബിഹാറിൽ എസ്.ഐ.ആറിൻ്റെ ഭരണഘടന സാധുത ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും 46 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ച കെ.സി വേണുഗോപാൽ രാഷ്ട്രീയ പാർട്ടികളോട് ഒരു തരത്തിലുള്ള ചർച്ചയും നടത്താതെ ഏകപക്ഷീയമായി എസ്.ഐ.ആർ നടപ്പാക്കുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
> എസ്.ഐ.ആർ ആവശ്യമോ അനാവശ്യമോ ?
കാലാനുസൃതമായ മാറ്റങ്ങൾ വോട്ടർ പട്ടികയിൽ വരുത്തേണ്ടത് ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. അർഹരായ ആളുകളെ ഉൾപ്പെടുത്തി, അനർഹരെ ഒഴിവാക്കി തിരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരിക്കേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടിക പരിഷ്കരിക്കുന്നത് എങ്കിൽ അത് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് സമമാണ്. അതായത് സദുദ്ദേശത്തിൽ നടക്കുകയാണെങ്കിൽ എസ്ഐആർ അനിവാര്യതയും ദുരുദ്ദേശത്തിൽ നടക്കുകയാണെങ്കിൽ എസ്ഐആർ ജനാധിപത്യത്തെ തന്നെ തകർക്കാൻ ശേഷിയുള്ള അപകടവുമാണ്.















































