ചെന്നൈ: റോഡ് ഷോയ്ക്കിടെ കരൂരിൽ മരിച്ച 41 പേരുടെ ബന്ധുക്കളെ, നേരിട്ടു കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. കരൂർ സന്ദർശിക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ ദുരന്തത്തിന് ഒരു മാസത്തിനു ശേഷം മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. ഇരുന്നൂറിലേറെപ്പേർ ചടങ്ങിനെത്തിയിരുന്നു. സ്വകാര്യ പരിപാടിയായി നടത്തിയതിനാൽ പാർട്ടി ബാനറുകളും മറ്റും ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി പലരേയും തലേദിവസം തന്നെ ബസുകളിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടൻ, ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴിൽ നൽകുമെന്നും ഉറപ്പു നൽകി. പിന്നാലെ വിജയ് ഇവർക്കു ചായ നൽകുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം നേരിട്ടു വേദിയിലെത്തിയ ചിലരെ അകത്തു പ്രവേശിക്കാൻ ടിവികെ പ്രവർത്തകർ അനുവദിക്കാത്തത് തർക്കത്തിനിടയാക്കി. രേഖകൾ പരിശോധിച്ച ശേഷമാണു കടത്തിവിട്ടത്. വിജയ്‌യുടെ ഈ നീക്കത്തിൽ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ദുരിതബാധിതരെ നേരിൽ കാണാതെ അവരെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർഥ നേതാവിനു ചേർന്ന പ്രവൃത്തിയല്ലെന്നാണ് ആക്ഷേപം. ദുരിതബാധിതരെ വിളിച്ചുവരുത്തിയത് രാഷ്ട്രീയ ആയുധമായി മറ്റു പാർട്ടികൾ ഉപയോഗിക്കുമെന്ന ആശങ്കയും പ്രവർത്തകർക്കുണ്ട്.
ഇതിനിടെ, ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ഡപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ എന്നിവർക്കു സിബിഐ നോട്ടിസ് അയച്ചു. ചോദ്യംചെയ്യലിന് ഇന്നു ഹാജരാകാനാണു നിർദേശം. അതേസമയം, മുൻകൂർ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ സിബിഐ അന്വേഷണം തുടങ്ങിയതിനെ തുടർന്നാണിത്. പ്രകോപനപരമായ ട്വീറ്റിനെ തുടർന്നു തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ടിവികെ നേതാവ് ആദവ് അർജുന സമർപ്പിച്ച ഹർജി നവംബർ 5നു പരിഗണിക്കാൻ മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സമർപ്പിച്ച ഹർജിയും തള്ളി.
















































