കാൺപൂരിൽ മെഡിക്കൽ ഷോപ്പ് ഉടമയുമായുണ്ടായ തർക്കത്തെത്തുടർന്ന് നിയമ വിദ്യാർത്ഥിക്ക് ആക്രമണം നേരിട്ടു. 22 വയസ്സുള്ള ഒരു നിയമ വിദ്യാർത്ഥിയുടെ വയറ് പിളർന്നു, വിരലുകൾ മുറിഞ്ഞു എന്ന് പോലീസ് പറഞ്ഞു.
കാൺപൂർ സർവകലാശാലയിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ അഭിജീത് സിംഗ് ചന്ദേലിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ തലയിൽ 14 തുന്നലുകൾ ഉണ്ടെന്നും നില അതീവ ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. മരുന്നിന്റെ വിലയെച്ചൊല്ലിയുള്ള തർക്കം താമസിയാതെ നിയമ വിദ്യാർത്ഥിയും മെഡിക്കൽ ഷോപ്പ് അറ്റൻഡന്റായ അമർ സിങ്ങും തമ്മിലുള്ള വലിയ പോരാട്ടത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. അമർ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ വിജയ് സിങ്ങും പ്രിൻസ് രാജ് ശ്രീവാസ്തവ, നിഖിൽ എന്നീ രണ്ട് പേരും ഉണ്ടായിരുന്നു.
നാല് പേരും ചേർന്ന് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഇതോടെ രക്തം വാർന്ന നിലയിൽ വിദ്യാർത്ഥി നിലത്ത് വീണു. തുടർന്ന് അക്രമികൾ വിദ്യാർത്ഥിയുടെ വയറ്റിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് അഭിജീത് ജീവനുവേണ്ടി നിലവിളിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി, പക്ഷേ അക്രമികൾ വീണ്ടും അദ്ദേഹത്തെ പിടികൂടി ഒരു കൈയിലെ രണ്ട് വിരലുകൾ മുറിച്ചുമാറ്റിയെന്ന് പോലീസ് പറഞ്ഞു.
അഭിജീത്തിന്റെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.















































