അടിമാലി: കൊച്ചി –ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുത്ത അടിമാലി കൂമ്പൻപാറയിൽ മണ്ണിടിഞ്ഞുവീണ് നാട്ടുകാരനായ ബിജുവിന് ദാരുണാന്ത്യം. ഭക്ഷണം കഴിക്കാനായി അയൽപക്കത്തെ ബന്ധുവീട്ടിൽനിന്ന് ബിജുവും സന്ധ്യയും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മണ്ണിടിഞ്ഞത്. 6 മണിക്കൂറിനുശേഷമാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. സന്ധ്യയെ പുറത്തെടുത്തത് 5 മണിക്കൂറിനുശേഷവും. സന്ധ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനിയാണ്. മകൻ ഒരു വർഷം മുൻപ് ക്യാൻസർ ബാധിച്ചു മരിച്ചിരുന്നു.
പാതയ്ക്ക് മണ്ണെടുത്തതാണ് ദുരന്തത്തിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മണ്ണ് ഇടിയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയപാതയ്ക്കായി മണ്ണെടുത്തപ്പോഴാണ് വിള്ളൽ ഉണ്ടായതെന്നു ബിജുവിന്റെ ബന്ധുവും അയൽവാസിയുമായ അഞ്ജു പറഞ്ഞു. ‘‘ജനങ്ങളോട് മാറി താമസിക്കാൻ പറഞ്ഞിരുന്നു. ഞങ്ങളുടെ വീട്ടിലായിരുന്നു ബിജുവും സന്ധ്യയും താമസം. അവർ രാത്രി ഭക്ഷണം കഴിക്കാൻ പോയതാണ്. ഇങ്ങോട്ട് വരാൻ പലതവണ ഫോണിൽ വിളിച്ച് പറഞ്ഞു. ഭക്ഷണം കഴിച്ചിട്ടു വരാമെന്നാണ് പറഞ്ഞത്. പെട്ടെന്ന് വലിയ ശബ്ദം കേട്ടു. സന്ധ്യ ചേച്ചിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അടുത്ത് ആരുമുണ്ടായിരുന്നില്ല. ഞാൻ ഉറക്കെ കരഞ്ഞു- അഞ്ജു പറയുന്നു.
















































