ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും അതി രൂക്ഷമായ രീതിയിൽ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ വീണ്ടും വിമർശനമുന്നയിച്ചത്. തുടർന്നു വോട്ട് നഷ്ടപ്പെട്ടവരെ രാഹുൽ ഗാന്ധി വേദിയിലെത്തിച്ചു.
ഹൈഡ്രജൻ ബോംബ് പുറകേ വരുന്നതേയുള്ളൂവെന്നും ഇരുവരെയുള്ളത് വെറും സാമ്പിൾ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ വോട്ടർമാർക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കർണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടർ തൻ്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് കയറിയാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതുപോലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുന്നു. വ്യാജ ലോഗിനുകള്‍ ഉപയോഗിച്ച് ആറായിരത്തോളം വോട്ടുകള്‍ നീക്കി. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട കമ്മിഷന്‍ പക്ഷപാതപരമായാണ് ഇടപെടുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് പറഞ്ഞു. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.