മങ്കട: യാത്രക്കിടെ ഇടയ്ക്കു മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം നാലു വയസുകാരനെ വഴിയിൽ മറന്ന് കാറുമായി പോയി. മങ്കട കോഴിക്കോട് പറമ്പ് ആയിരനാഴി പടിയിൽ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡിൽ കാറിനു പിറകെ കരഞ്ഞുകൊണ്ടോടുന്ന കുട്ടിയെ കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
നാട്ടുകാർ കുട്ടിയെ കാണുമ്പോൽ കുട്ടിയുടെ കൈയിൽ നിറയെ മിഠായി ഉണ്ടായിരുന്നു. മിഠായി വാങ്ങിയ കട കുട്ടി കാണിച്ചുകൊടുക്കുകയും കച്ചവടക്കാരൻ കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. യാത്രക്കിടെ മിഠായി വാങ്ങാൻ കാർ നിർത്തിയ കുടുംബം കുട്ടിയെ കൂടാതെ യാത്ര ചെയ്തതാണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ പല ഭാഗത്തേക്കും വിവരമറിയിച്ചു. ഇതിനിടെ, 20 മിനിറ്റിനകം കാർ തിരികെ വന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടെ കുടുംബം മിഠായി വാങ്ങാൻ ആയിരനാഴി പടിയിലെ കടയ്ക്ക് മുന്നിൽ കാർ നിർത്തി ഇറങ്ങി. അതിനിടെ നാലു വയസുകാരനെ സീറ്റിൽനിന്ന് മാറ്റിയിരുത്താൻ വേണ്ടി കാറിൽനിന്ന് ഇറക്കിയിരുന്നു. എന്നാൽ, കുട്ടി കാറിന് പുറത്താണെന്ന് അറിയാതെ കുടുംബം യാത്ര തുടരുകയായിരുന്നു. കുറേ ദൂരം പോയപ്പോഴാണ് കുട്ടി വാഹനത്തിൽ ഇല്ലെന്ന് മനസിലാക്കി ഇവർ തിരിച്ചുവന്നത്. അവസരോചിതമായി ഇടപെട്ട് കുട്ടിയെ സംരക്ഷിച്ച നാട്ടുകാർക്ക് കുടുംബം നന്ദി പറഞ്ഞു.