തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് അധ്യാപകനെ വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷം. അഡിഷനൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് ഒരു കൂട്ടം വിദ്യാർഥിനികളും സഹപ്രവർത്തകരും ചേർന്ന് ചെയ്യാത്ത തെറ്റിന് കുറ്റക്കാരനാക്കിയത്.
പിന്നാലെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തെറ്റു ചെയ്തിട്ടില്ലെന്നു ഉറച്ച ബോധ്യമുള്ളതിനാൽ ആനന്ദ് ധീരമായി പോരാടി. ഒടുവിൽ കുറ്റവിമുക്തനെന്ന വിധി നേടി. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.
2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് മൂന്നാർ ഗവ കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയത്. വിദ്യാർഥിനികളുടെ പരാതിക്കൊപ്പം ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളേജ് അധികൃതരും ചേർന്നതായാണ് ആരോപണം. അതുപോലെ വിദ്യാർഥിനികൾ പരാതി തയാറാക്കിയതു മൂന്നാറിലെ സിപിഎം ഓഫിസിൽ വച്ചാണെന്നും തെളിഞ്ഞു.
∙ പ്രഫ. ആനന്ദ് വിശ്വനാഥൻ പറയുന്നതിങ്ങനെ:
‘സർവകലാശാല നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് 2014ൽ രണ്ടാം സെമസ്റ്റർ ഇക്കണോമിക്സ് പരീക്ഷ നടന്നത്. കോളേജിൽ അന്ന് വ്യാപകമായി കോപ്പിയടിയുണ്ടായി. ആകെ 8 പേർ മാത്രം എഴുതിയ ഇക്കണോമിക്സ് പരീക്ഷയിലാണ് 5 വിദ്യാർഥിനികളുടെ കോപ്പിയടി ഞാൻ പിടികൂടുന്നത്. പക്ഷേ, ഞാൻ നിർദേശിച്ചിട്ടും ഇൻവിജിലേറ്റർ കോപ്പിയടി പരാതി പൂഴ്ത്തി. അതിനു പ്രിൻസിപ്പലും കൂട്ടുനിന്നു. അതു സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎ എസ്. രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടർന്നായിരുന്നു. ’
സംഭവം നടന്ന് ഓണ അവധി കഴിഞ്ഞ് എത്തിയപ്പോഴാണ് എനിക്കെതിരെ വിദ്യാർഥിനികൾ പീഡന ആരോപണം ഉന്നയിച്ചതായി അറിയുന്നത്. കോപ്പിയടി സർവകലാശാലയിൽ റിപ്പോർട്ട് ചെയ്തില്ലെന്നും എനിക്കു ബോധ്യമായി. തുടർന്ന് ഞാൻ നേരിട്ട് സർവകലാശാലയിൽ വിളിച്ച് കോപ്പിയടി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ പീഡനപരാതിയിൽ വകുപ്പുതല അന്വേഷണം നടന്നു, പക്ഷെ അതു ഏകപക്ഷീയമായിരുന്നു. ആകെ 4 കേസുകൾ റജിസ്റ്റർ ചെയ്തു. അതിൽ രണ്ടിൽ കുറ്റക്കാരനെന്ന് ദേവികുളം കോടതി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽനിന്ന് എന്നെ സസ്പെൻഡ് ചെയ്തു. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ധൈര്യമായി പോരാടി. ഒടുവിൽ നീതിയുമെത്തി’.