ന്യൂഡൽഹി: അധ്യാപകർക്ക് ബഹുമാനം വേണോ? എങ്കിൽ ഡ്രസ് കോഡ് വേണം. അധ്യാപകർ ഇടുന്ന വസ്ത്രം നന്നായാൽ വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് കുറയ്ക്കാമെന്ന വിചിത്ര കണ്ടുപിടിത്തവുമായി ബിജെപിയുടെ രാജ്യസഭാ അംഗം ഭീം സിങ്. അധ്യാപകരോടുള്ള ബഹുമാനം നഷ്ടപ്പെടാനു കാരണം അവരുടെ വസ്ത്രധാരണമാണെന്നാണ് എംപിയുടെ കണ്ടെത്തൽ.
അധ്യാപകർക്ക് വസ്ത്രധാരണച്ചട്ടം (ഡ്രസ് കോഡ്) കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ സ്വകാര്യപ്രമേയത്തിന് ഭീം സിങ് നോട്ടീസ് നൽകിയെങ്കിലും ബഹളത്തെത്തുടർന്ന് അവതരിപ്പിക്കാനായില്ല. ഡോക്ടർമാർ, അഭിഭാഷകർ, പോലീസുകാർ എന്നിവരെപ്പോലെ അധ്യാപകർക്കും ഡ്രസ് കോഡ് വേണമെന്നാണ് എംപിയുടെ ആവശ്യം.
ഈ വാദം സാധൂകരിക്കാൻ അധ്യാപകർക്കായി ഡ്രസ് കോഡ് ഏർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ കാര്യവും ചൂണ്ടിക്കാട്ടി. ഡ്രസ് കോഡിനായുള്ള ആവശ്യത്തിനു പിന്നിൽ ഉന്നയിക്കുന്ന കാരണങ്ങളും വിചിത്രമാണ്. പ്രൊഫഷണലിസത്തിനും സാംസ്‌കാരികമൂല്യത്തിനും അനുസൃതമായി മങ്ങിയതോ പരമ്പരാഗതമോ ആയ നിറങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും പറയുന്നു. കൂടാതെ ഇത്തരം നിയന്ത്രണം വിദ്യാർഥികളുടെ ശ്രദ്ധ വ്യതിചലിക്കുന്നത് കുറയ്ക്കുമെന്നാണ് എംപിയുടെ മറ്റൊരു കണ്ടെത്തൽ.
മഹാരാഷ്ട്രാ സർക്കാർ അധ്യാപകർക്ക് വസ്ത്രധാരണരീതി അവതരിപ്പിച്ചു. അവിടെ സ്ത്രീകൾക്ക് സാരി, സൽവാർ, ചുരിദാർ, സ്യൂട്ടുകൾ, കുർത്തകൾ, ദുപ്പട്ടകൾ എന്നിവ ധരിക്കാം. പുരുഷന്മാർക്ക് ഷർട്ടുകളും പാന്റ്സുകളും അനുവദനീയമാണ്. പ്രൊഫഷണലിസത്തിനായി ഹരിയാനാ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരെ ജീൻസ് ധരിക്കുന്നതിൽനിന്നു വിലക്കിയെന്നും പ്രമേയത്തിൽ പറയുന്നു.
അതേസമയം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായാണ് ബിജെപിയുടെ ബിഹാറിൽനിന്നുള്ള രാജ്യസഭാ അംഗമായ ഭീംസിങ്ങിന്റെ സ്വകാര്യ പ്രമേയത്തെ വിലയിരുത്തുന്നത്.