കൊച്ചി: എറണാകുളം പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്റെ മകൾ ദീപ അറസ്റ്റിൽ. ആശാ ബെന്നിയുടെ കുടുംബത്തിന്റെയും അയൽവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. ഇവരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രദീപും ഭാര്യ ബിന്ദുവും ഇപ്പോഴും ഒളിവിലാണ്. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ദീപയും ആശയുടെ വീട്ടിലെത്തിയിരുന്നുവെന്നും ദീപയും ആശയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
പണം കടം നൽകിയവരിൽ നിന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്നാണ് കോട്ടുവളളി സൗത്ത് റേഷൻ കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടിൽ ആശ ബെന്നി ജീവനൊടുക്കിയത്. ഓഗസ്റ്റ് 19-നായിരുന്നു സംഭവം. ആശ ബെന്നിയുടെ ആത്മഹത്യാക്കുറിപ്പിൽ അയൽവാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണുണ്ടായിരുന്നത്.
ഇവരിൽ നിന്ന് പത്തുലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നു പലിശ. മുതലും പലിശയുമടക്കം 30 ലക്ഷം തിരികെ കൊടുത്തിട്ടും ഭീഷണി തുടർന്നുവെന്ന് ആശയുടെ കുടുംബം ആരോപിച്ചു. ആദ്യം ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് നാലുദിവസം ചികിത്സയിലായിരുന്നു. പിന്നാലെയാണ് എറണാകുളം വടക്കൻ പറവൂരിൽ 42കാരിയായ ആശ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.