ദുബായ്: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്ത്. രാഹുൽ തന്നോട് ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത ശേഷം ഇതേക്കുറിച്ച് മറ്റുള്ള ആളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്‌കരന്റെ ആരോപണം.
ശ്രീലങ്കൻ യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുൽ ആദ്യമായി തനിക്ക് മെസേജ് അയച്ചത്. ചാറ്റ് നിർത്താൻ ഉദ്ദേശമുണ്ടായിരുന്നില്ല. താൻ മറുപടി നൽകാത്തത് കൊണ്ട് ആ ചാറ്റ് അവസാനിപ്പിച്ചു. എന്നാൽ, പിന്നീട് മറ്റ് സ്ഥലങ്ങളിൽ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവർത്തി അങ്ങേയറ്റം അശ്ലീലമല്ലേയെന്ന് ഹണി ചോദിക്കുന്നു.
‘‘ഇൻസ്റ്റഗ്രാമിൽ എന്നോട് ചാറ്റ് ചെയ്ത ശേഷം, രാഹുൽ അയാളുടെ സുഹൃത്തുക്കളോട് ഇതേകുറിച്ച് മോശമായി പറയുകയായിരുന്നു. അയാൾ ഇത് പറഞ്ഞ ആളുകൾ തന്നെയാണ് എന്നോടു ഈ വിവരം അറിയിച്ചത്. രാഹുലിന്റേത് സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ തന്നെ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് എനിക്ക് അറിയാം. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഇക്കാര്യത്തിൽ പരാതി നൽകും.
വേറെ ആരുമായും എനിക്ക് ബന്ധമില്ലെന്നും എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുൽ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. എന്റെ സുഹൃത്തുക്കൾക്ക് തന്നെ അനുഭവമുണ്ട്. ഇയാൾ കാണിക്കുന്ന സ്‌നേഹം സത്യമാണെന്നാണ് ഇരകൾ വിചാരിക്കുന്നത്. എന്നാൽ, അതല്ല യാഥാർഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്’’ – ഹണി പറഞ്ഞു.
‘‘ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ എംപിയാണ്. രാഹുലിനെതിരെ പലരും ഷാഫിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഷാഫി തയാറായിട്ടില്ല. നിലവിൽ രാഹുലിനെതിരേ നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. രാഹുലിനു ധൈര്യമുണ്ടെങ്കിൽ എനിക്കെതിരേ മാനനഷ്ടക്കേസ് നൽകട്ടെ’’ – ഹണി ഭാസ്ക്കരൻ കൂട്ടിച്ചേർത്തു.