ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് എന്ന വജ്രായുധം പുറത്തെടുക്കാൻ പ്രതിപക്ഷ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിൽ ആലോചനകൾ തുടങ്ങിയെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപകമായ കൂട്ടിച്ചേർക്കലുകൾ നടന്നതായി വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും വാർത്താസമ്മേളനം നടത്തി.
രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടത്തപ്പെടുന്നതെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ടർമാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മുന്നറിയിപ്പ് നൽകി. ഒപ്പം വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ പറഞ്ഞ അതേ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവിനു ഇതു ബാധകമല്ലേയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.ഇതിനുപിന്നാലെയാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് നോട്ടിസ് നൽകുന്നത് ഇന്ത്യ മുന്നണി ചർച്ചചെയ്തത്. നോട്ടിസ് നൽകുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യകടമ്പ. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ സാധിക്കു. എന്നാൽ ഈ വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ പാർലമെന്റിൽ നടത്താൻ പ്രതിപക്ഷത്തിനു അവസരം ലഭിക്കും. വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽതന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്മെന്റ് നടപടി അവതരിപ്പിക്കാൻ അനുവാദം ലഭിക്കുമോ എന്നതും സംശയമാണ്. സ്പീക്കറാണ് നോട്ടിസിൽ തീരുമാനം എടുക്കേണ്ടത്.