കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. സോനയുടെ ആത്മഹത്യക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി.
സോനയുടെ മരണത്തിൽ റമീസിന്റെ വീട്ടുകാരെയും പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സോനയുടെ ഒറ്റപ്പേജ് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. ശനിയാഴ്ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മലിൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു തിരിച്ചെത്തിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മൂന്നു മാസം മുൻപാണ് സോനയുടെ പിതാവ് എൽദോസ് മരിച്ചത്.
സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ-
‘‘ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷേ അവൻ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. റജിസ്റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേനെ അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാ കല്യാണം നടത്താമെന്ന് അവൻ പറയിച്ചു. റമീസ് ചെയ്ത തെറ്റുകൾ അവന്റെ വീട്ടിൽ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകൽച്ചയുണ്ടാക്കി. ഒരു കൂട്ടുകാരൻ എന്റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു.
മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര, തന്റെ വീട്ടിൽ നിൽക്കണമെന്നും കർശനമായി പറഞ്ഞു. ചെയ്ത തെറ്റിന് ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസിൽ ഞാൻ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ സാധിക്കുന്നില്ല. അപ്പന്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാൻ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാൻ അപ്പന്റെ അടുത്തേക്ക് പോകുവാ’’, സോനയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെയാണ്.
അതേസമയം സോനയെ മർദിച്ചതിന് തെളിവായി വാട്സാപ് ചാറ്റുകളും പോലീസ് കണ്ടെത്തി. താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാനായിരുന്നു ചാറ്റിലൂടെയുള്ള റമീസിന്റെ മറുപടി. കോളേജിൽ സഹപാഠികളായിരുന്ന സോനയും റമീസും അന്നു മുതൽ ഇഷ്ടത്തിലായിരുന്നു. വിവാഹം കഴിക്കുന്നതു സംബന്ധിച്ച് വീടുകളിൽ ആലോചന നടന്നിരുന്നു. ഇതിനിടെ മതം മാറിയാൽ മാത്രമേ വിവാഹം നടക്കൂ എന്ന് റമീസിന്റെ വീട്ടുകാർ അറിയിച്ചിരുന്നു എന്നും ഇതിന് തങ്ങൾ സമ്മതിച്ചെന്നുമാണ് സോനയുടെ സഹോദരൻ ബേസിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അനാശാസ്യ പ്രവർത്തിക്ക് റമീസിനെ എറണാകുളത്തെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാൻ തയാറല്ലെന്ന് സോന അറിയിച്ചിരുന്നുവെന്നും ബേസിൽ പറഞ്ഞു.
ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്ടമാണെന്നും അവൾ പറഞ്ഞു. ഇനി റജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നാണ് അവൾ പറഞ്ഞത്. ഇതിനായി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി. പിന്നീട് അവളെ ആലുവയിൽ റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ച് അവൻ കൂട്ടിക്കൊണ്ടുപോയി.
അവിടെ വീട്ടിൽക്കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു. മതംമാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മർദനം. പൊന്നാനിയിൽ ചെന്ന് രണ്ടുമാസം കഴിഞ്ഞേ റജിസ്റ്റർ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും ഇവൻ പറഞ്ഞു. ആ സമയം ഇവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.