ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽ നിന്നും പ്രതിമാസം തനിക്കും മകൾക്കും കോടതി വഴി അനുവദിച്ച ജീവനാംശ തുക പോരെന്ന് ഷമിയുടെ ഹസിൻ ജഹാൻ. കോടതി വിധിച്ച നാല് ലക്ഷം രൂപയ്ക്ക് പകരം തനിക്കു 10 ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നൽകണമെന്ന് ഹസിൻ ജഹാൻ പറഞ്ഞു. പിടിഐയുമായി സംസാരിക്കുമ്പോഴാണ് ഹസീൻ ജഹാൻ തന്റെ ആവശ്യം ഉന്നയിച്ചത്.
ഷമി ഇപ്പോൾ ജീവിക്കുന്ന രീതിക്ക് അനുസരിച്ച് നാല് ലക്ഷം എന്നത് വളരെ ചെറിയൊരു തുകയാണ്. ഷമി നയിക്കുന്ന ജീവിതം, അവൻ നിലനിർത്തുന്ന പദവി, അവന്റെ ഇപ്പോഴുള്ള വരുമാനം എന്നിവ പരിശോധിക്കുമ്പോൾ, ഈ തുക അതിനോട് താരതമ്യപ്പെടുത്തുമ്പോൾ നാലു ലക്ഷം ഒന്നുമല്ല… എന്തായാലും ഇത്രയും നീണ്ട പോരാട്ടത്തിന് ശേഷം ഒടുവിൽ എനിക്ക് വിജയം ലഭിച്ചതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവളാണ്… ഇനി എനിക്ക് എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവളുടെ ജീവിതം എളുപ്പത്തിൽ സുഗമമാക്കാനും കഴിയും…
മാത്രമല്ല ഏഴ് വർഷം മുമ്പ് ഞങ്ങൾ കോടതിയിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, ഷമിയുടെ വരുമാനവും പദവിയും അതുപോലെ സാധനങ്ങളുടെ വിലയും വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് കോടതി തീരുമാനം പുന:പരിശോധിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കും. അദ്ദേഹം ജീവിക്കുന്ന പദവിയിൽ ജീവിക്കാൻ എനിക്കും എന്റെ മകൾക്കും അവകാശമുണ്ട്- ഹസിൻ ജഹാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻ ഭാര്യ ഹസിൻ ജാഹാനും മകൾ ഐറയ്ക്കും കൂടി പ്രതിമാസം നാല് ലക്ഷം രൂപ നൽകണമെന്ന് കൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ജഹാന് ഒന്നര ലക്ഷം രൂപയും മകൾക്ക് രണ്ടര ലക്ഷം രൂപയുമാണ് നൽകേണ്ടതെന്നുമാണ് വിവാഹമോചന കേസിൽ കോടതി ഉത്തരവിട്ടത്.
നേരത്തെ, നൽകിയ പരാതിയിൽ ഹസിൻ ജഹാനും മകൾക്കുമായി 1.3 ലക്ഷം രൂപ പ്രതിമാസം ജീവനാംശം നൽകണമെന്ന് കൊൽക്കത്തയിലെ ആലിപ്പോർ കോടതി വിധിച്ചിരുന്നു. ഇതിൽ 50,000 രൂപ ഹസിൻ ജഹാനും 80,000 രൂപ മകൾക്കും എന്നായിരുന്നു വിധി. എന്നാൽ ഇതിനെതിരെ ഹസിൻ ജഹാൻ നൽകിയ അപ്പീലിലാണ്, ജീവനാംശം കുത്തനെ വർധിപ്പിച്ചുകൊണ്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ പുതിയ വിധി വന്നത്.
ആലിപ്പോർ കോടതിയിൽ തനിക്കും മകൾക്കും പ്രതിമാസം 10 ലക്ഷം രൂപ വീതം ജീവനാംശം വേണമെന്നാവശ്യപ്പെട്ടാണ് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചത്. തനിക്ക് 7 ലക്ഷം രൂപയും മകൾക്ക് 3 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ ആവശ്യം തള്ളിയാണ് കീഴ്ക്കോടതി ഹസിൻ ജഹാന് 50,000 രൂപയും മകൾക്ക് 80,000 രൂപയും നൽകാൻ ഉത്തരവിട്ടത്.
അതേസമയം മോഡലും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയർലീഡറുമായിരുന്ന ഹസിൻ ജഹാനെ, 2014ലാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. ഷമിയേക്കാൾ 10 വയസ് മൂത്തയാളാണ് ഹസിൻ ജഹാൻ. ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്.
തുടർന്ന് 2015ൽ ഷമിക്കും ഹസിൻ ജഹാനും മകൾ ജനിച്ചു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ ജഹാൻ രംഗത്തെത്തിയതോടെയാണ് വിവാഹബന്ധം തകർന്നത്. ഇതിനു പുറമേ ഷമിക്കെതിരെ വാതുവയ്പ് ആരോപണവും ഉന്നയിക്കപ്പെട്ടതോടെ ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായി. തനിക്കും മകൾക്കും ഷമി ചെലവിനു പോലും തരുന്നില്ലെന്നും ഹസിൻ ജഹാൻ ആരോപിച്ചിരുന്നു.