ന്യൂഡൽഹി: ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടാനാകില്ലെന്ന് ഡൽഹി കോടതി. തന്റെ മുതിർന്ന ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് രഹസ്യ ബന്ധമുണ്ടെന്നാരോപിച്ച് സൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഒരു മേജർ ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. ജനുവരി 25, 26 തീയതികളിൽ പ്രസ്തുത ഹോട്ടലിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. അതിനാൽ ദൃശ്യങ്ങൾ എത്രയും വേഗം നൽകണമെന്നും ഹർജികാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയരായവരുടെ സ്വകാര്യത മാനിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി. ഡൽഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങാണ് ഹർജി തള്ളിയത്.
എന്നാൽ, കക്ഷി സമർപ്പിച്ച വിവാഹമോചനകേസ് കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് മാസത്തിന് മുകളിൽ തങ്ങൾ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാറില്ലായെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി സന്ദർശകരുടെ വ്യക്തി വിവരങ്ങൾ പുറത്ത് പറയാൻ പാടില്ലായെന്നും ദൃശ്യങ്ങളും വിവരങ്ങളും സംരക്ഷിക്കേണ്ടത് ഹോട്ടൽ അധികൃതരുടെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിവരങ്ങൾ പുറത്ത് പറയുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2018 ലെ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട് വന്ന ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിത നിലവിൽ വന്നപ്പോൾ വ്യഭിചാരകുറ്റം ഒഴിവാക്കിയെന്നും ലിംഗവിവേചനവും പുരുഷാധിപത്യ വീക്ഷണങ്ങൾക്കും ആധുനിക ഭാരതത്തിൽ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.