തൃശൂർ: രാവിലെ ജോലിക്കു പോകുന്നതിനു മുൻപ് മകനു വേണ്ടതെല്ലാം തയാറാക്കി അവനെ ട്യൂഷനു പറഞ്ഞയച്ചിട്ടാണ് പെരുമ്പിലാവ് അൻസാർ ആശുപത്രിയിലെ നേഴ്സായ സുലൈഖ ജോലിക്കുപോയത്…, അവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോൾ സമീപത്ത് ഒരു ആക്സിഡന്റ് നടന്നു ഗുരുതര പരുക്കുപറ്റിയ രോഗിയുമായെത്തുന്നെന്ന സന്ദേശം കിട്ടിയത്.
അധികം താമസിക്കാതെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പാഞ്ഞെത്തിയ ആംബുലൻസിൽ നിന്നും രക്തത്തിൽ കുളിച്ച ഒരു കുട്ടിയുമായി ജീവനക്കാർ ഓടി. ക്വാഷ്വാലിറ്റിയിലേക്ക് എത്തിയ രോഗിയെ കണ്ടതും ഒരു നഴ്സ് കുഴഞ്ഞ് വീണു. ഒരു വാഹന അപകടമുണ്ടായിട്ടുണ്ട്, ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നറിഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സുലൈഖ പാഞ്ഞുവന്നത്. സംസ്ഥാനപാത പോകുന്ന സ്ഥലത്തുള്ള ആശുപത്രി ആയതു കൊണ്ട് വാഹനാപകട കേസുകൾ നിത്യസംഭവമാണ്. അപകടത്തിൽ പരുക്കേറ്റ നിരവധിപേരെ പരിചരിച്ചിട്ടുള്ള സുലൈഖ പക്ഷേ ഇത്തവണ ഞെട്ടിപ്പോയി.
വാഹന അപകടത്തിൽ പെട്ടത് സ്വന്തം മകനാണെന്ന് അറിഞ്ഞതോടെ സുലേഖ കുഴഞ്ഞുവീണു. ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നത്. ഇതോടെ ആശുപത്രി ജീവനക്കാരും തടിച്ചുകൂടിയവരും സങ്കടക്കടലിലായി. ഗ്യാസ് സിലിണ്ടറുകളുമായി വന്നിരുന്ന പിക്കപ്പ് വാൻ സൈക്കിളിലിടിച്ചാണ് സൈക്കിൾ യാത്രികനായ 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. അക്കിക്കാവ് ടി എം ഹൈസ്കൂളിലെ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർതഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽ ഫൗസാനാണ് (15) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് അക്കിക്കാവ് ജംഗ്ഷനിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ അൽ ഫൗസാനെ സമീപത്തെ അൻസാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകട സ്ഥലത്തുള്ളവരോ ആശുപത്രിയിൽ എത്തിച്ചവരോ കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
ആദ്യം കുട്ടിയാരാണെന്നു തിരിച്ചറിഞ്ഞില്ല. എങ്കിലും സമീപ പ്രദേശത്തുള്ളതാണെന്നു പ്രതീക്ഷിച്ചിരുന്നുള്ളു. അൻസാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴേക്കും അൽ ഫൗസാൻ മരണത്തിന് കീഴടങ്ങിയിരുന്നു. കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. വാനിനടിയിൽപ്പെട്ടു ഗുരുതരമായി പരുക്കേറ്റ അൽ ഫൗസാനെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് മെഹബൂബും, മാതാവ്സുലൈഖയും അൻസാർ ആശുപത്രി ജീവനക്കാരാണ്.
ട്യൂഷൻ സെന്ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ, സമീപത്തെ കടയിൽനിന്ന് കേടുപാടു തീർത്ത സ്വന്തം സൈക്കിൾ കൈപ്പറ്റി തള്ളിക്കൊണ്ടുപോവുകയായിരുന്നു അൽ ഫൗസാൻ. പിതാവ് മെഹബൂബ് സൈക്കിൾ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠൻ കൊടുത്ത പണവുമായി അൽ ഫൗസാൻ തന്നെ കടയിൽ പോയി എടുക്കുകയായിരുന്നു. സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് പറഞ്ഞിരുന്നതിനാലാണ് തള്ളിക്കൊണ്ടു വന്നിരുന്നത്. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരി വളപ്പിൽ സുലൈമാൻ അൻസാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.