മാനന്തവാടി: പാരമ്പര്യ കലയായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയും, ഒപ്പം ജീവിത നൈപുണ്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്ന പരിശീലന പരിപാടിക്ക് മാനന്തവാടിയിൽ തുടക്കം. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും കടത്തനാടൻ കളരി ഫൗണ്ടേഷൻ വയനാടും ചേർന്നാണ് നിർധനരായ കുട്ടികൾക്കായി കളരിപ്പയറ്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പത്മശ്രീ മീനാക്ഷി ഗുരുക്കളുടെ മുഖ്യആതിഥേയത്തിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു.
പരിമിതമായ പരിശീലന സൗകര്യങ്ങളും വിദഗ്ധ പരിശീലകരുടെ കുറവും മൂലം കളരിപ്പയറ്റിന്റെ വ്യാപകമായ പ്രചാരണത്തിന് തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന്റെ ഇടപെടൽ. ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായ കളരിപ്പയറ്റിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പരിപാടിയിൽ 15 വയസ്സിന് താഴെയുള്ള 150 കുട്ടികൾ പങ്കെടുക്കും. മാനന്തവാടി, അമ്പലവയൽ (വയനാട്), ഒഞ്ചിയം (കോഴിക്കോട്) എന്നിവിടങ്ങളിലെ കുട്ടികളെയാണ് പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത് .
കുട്ടികൾക്ക് ശാരീരിക പരിശീലനം മാത്രമല്ല, മാനസികാരോഗ്യം, പോഷകാഹാര വിദ്യാഭ്യാസം, മയക്കുമരുന്ന് ദുരുപയോഗം തടയൽ തുടങ്ങിയ അവശ്യ ജീവിത നൈപുണ്യങ്ങളും നൽകുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ ബാലചന്ദ്രൻ പറഞ്ഞു.
കളരിപ്പയറ്റ് പരിശീലനം, സ്വയം പ്രതിരോധ തന്ത്രങ്ങൾ, യോഗ, ആരോഗ്യ പരിശീലനങ്ങൾ എന്നിവയ്ക്ക് പുറമേ, ആരോഗ്യവും പോഷകാഹാരവും മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും വിദഗ്ദ്ധ കൗൺസിലിംഗും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് സൗജന്യ പരിശീലനം, ഭക്ഷണം, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ നൽകുന്നത്.
കളരിപ്പയറ്റ് സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കടത്തനാടൻ കളരി ഫൗണ്ടേഷൻ വയനാടാണ് പരിശീലനത്തിന് വിദഗ്ദ്ധ പരിശീലകരെ നൽകുന്നത്. കെ എഫ് തോമസ് ഗുരുക്കൾ, കെ കെ സജീവ് കുമാർ ഗുരുക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.