അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പിഴ. 24 ലക്ഷം രൂപയാണ് സഞ്ജു പിഴയായി നൽകേണ്ടത്. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് സഞ്ജുവിന് പിഴ. സഞ്ജുവിനെ കൂടാതെ ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പ്ലെയിങ് ഇലവനിലെ ബാക്കിയുള്ളവർ ആറ് ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ നൽകണം.
ഈ സീസണിൽ രാജസ്ഥാന്റെ ഭാഗത്തുനിന്ന് രണ്ടാംതവണയാണ് കുറഞ്ഞ ഓവർ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 ആർട്ടിക്കിളിന് കീഴിലാണ് ഈ കുറ്റം. നേരത്തേ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്ക് കാരണം രാജസ്ഥാനിൽനിന്ന് പിഴ ഈടാക്കിയിരുന്നു. പരുക്കുകാരണം സഞ്ജു ഇല്ലാതിരുന്ന ആ മത്സരത്തിൽ ക്യാപ്റ്റൻ റിയാൻ പരാഗിന് 12 ലക്ഷം രൂപയുടെ പിഴ ലഭിച്ചു.
അതേസമയം ഇന്നലത്തെ മത്സരത്തിലെ തോൽവിക്കു കാരണം ബൗളിങ് നിര തിളങ്ങാത്തതാണെന്ന് സഞ്ജു പറഞ്ഞു. പ്രത്യേകിച്ചും ഡെത്ത് ഓവറിലെ ബൗളിങിനെ കുറിച്ച് ടീം ഗൗരവമായി ചിന്തിക്കേണ്ടത് ആവശ്യമാണ്. കളിയുടെ തുടക്കത്തിൽ ഞങ്ങൾ നന്നായി പന്തെറിഞ്ഞു. ജോഫ്ര ആർച്ചർ ബൗൾ ചെയ്ത രീതിയും ശുഭ്മൻ ഗില്ലിന്റെ വിക്കറ്റെടുത്തതമെല്ലാം മികച്ചതായിരുന്നു. പക്ഷെ ഡെത്ത് ഓവറിലെ ബൗളിങ് കൂടുതൽ ശ്രദ്ധിക്കണം സഞ്ജു പറഞ്ഞു.