കൊച്ചി: കളമശ്ശേരി ഗവ.പോളി ടെക്‌നിക് മെൻസ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ വിശദീകരണവുമായി തൃക്കാക്കര എസിപി പി.വി. ബേബി. കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തി ഇന്റലിജൻസിൽനിന്നും കോളേജ് അധികാരികളിൽനിന്നും രേഖാമൂലം അനുമതി നേടിയശേഷമാണ് മെൻസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് പിടികൂടി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട ആളുകൾക്ക് കുറ്റത്തിൽ പങ്കുള്ളതായി തന്നെയാണ് കരുതുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് കോളേജിനകത്തും പുറത്തും നിന്നുള്ളവർക്ക് എത്രത്തോളം പങ്കുണ്ട് എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.
മെൻസ് ഹോസ്റ്റിലിൽ ഹോളിയോടനുബന്ധിച്ച് ലഹരിപദാർഥങ്ങൾ വിപണനത്തിനായി സൂക്ഷിച്ചിട്ടുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യയ്ക്ക് കിട്ടിയ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്‌സ് എസിപിയുടേയും ഡാൻസാഫിന്റേയും കളമശ്ശേരി പോലീസിന്റേയും നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായി മുന്നൊരുക്കങ്ങൾ നടത്തി ഇന്റലിജൻസിൽനിന്ന് അനുമതി നേടിയശേഷമാണ് റെയ്ഡ് നടത്തിയത്. വിദ്യാർഥികൾക്ക് യാതൊരുതരത്തിലുമുള്ള അലോസരമുണ്ടാക്കാതെ കോളേജ് മേലധികാരികളുടെ രേഖാമൂലവുമുള്ള അനുമതി വാങ്ങിയശേഷം അന്വേഷണം നടത്തിയത്. ജാമ്യം കൊടുത്തവർക്കോ, മറ്റുള്ളവർക്കോ ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെങ്കിൽ അവരേക്കൂടി കേസിലേക്ക് ഉൾപെടുത്തും. കൈയോടെ പിടികൂടിയ കേസാണ്. അതുകൊണ്ടുതന്നെ അവർക്കിതിൽ പങ്കില്ലെന്ന് പറയാൻ കഴിയില്ല.
രണ്ട് കേസുകളിലായി രണ്ട് കിലോ കഞ്ചാവാണ് കണ്ടെത്തിയത്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ട് നിലകളിലായി 10 റൂമുകളുള്ള ഹോസ്റ്റലാണിത്. ഒരിടത്തുനിന്ന് 1.9 കി. ഗ്രാം കഞ്ചാവും മറ്റേ റൂമിൽനിന്ന് 9.7 ഗ്രാം കഞ്ചാവും കിട്ടി. രണ്ട് റൂമുകളിലും അതതിടത്ത് താമസിക്കുന്ന കുട്ടികളുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ട് കേസുകളായെടുത്തത്. വെള്ളിയാഴ്ച നടത്താനിരുന്ന ഹോളി ആഘോഷം കൊഴുപ്പിക്കുന്നതിനായി വ്യാപകമായി കഞ്ചാവ് ശേഖരിക്കുന്നുവെന്നും പിരിവെടുക്കുന്നുവെന്നുമെല്ലാമാണ് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വിദ്യാർഥികൾക്കിടയിൽ ഉപയോഗിക്കുന്നതിനും വിപണനം നടത്തുന്നതിനും വേണ്ടിയാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത്. ഇതാണ് ഇത്രകൂടിയ അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കാരണം.
അതേസമയം ഹോസ്റ്റലിൽ കുട്ടികൾ ലഹി ഉപയോഗിക്കുന്ന കാര്യം വാർഡനുൾപ്പെടെയുള്ളവർക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ കേസെടുക്കുകയാണ് ചെയ്തത്. ക്യാമ്പസിനകത്തും പുറത്തുനിന്നുള്ളവരുടേയും സാന്നിധ്യം ഈ കേസിലുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയാലേ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താനാവൂ. ഇതിന് മുമ്പും പോലീസും എക്‌സൈസും ഈ ക്യാമ്പസിൽ നിന്ന് ചെറിയ അളവിലുള്ള ലഹരി കേസുകൾ എടുത്തിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യവും നിരീക്ഷണവും എപ്പോഴുമുള്ള ഒരു സ്ഥലമാണിത്. പിന്നിൽ ആരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യത്തിന് കൃത്യമായ തെളിവുകൾ കിട്ടിയിട്ടുണ്ട്. റൂമിൽ താമസിക്കുന്നവരുടെ അറിവോ, സമ്മതോ ഇല്ലാതെ മറ്റാരും അവിടെ വരാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ അവിടെ താമസിക്കുന്നവർ ഇരകളാക്കപ്പെട്ടു എന്ന് പറയുന്നതിൽ അർഥമില്ല. പിടിയിലായവരുടെ രാഷ്ട്രീയത്തെ കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ഒന്നും പരിശോധിച്ചിട്ടില്ല. അതെല്ലാം പരിശോധിക്കേണ്ട കാര്യമാണ്, അദ്ദേഹം പറഞ്ഞു.
കൂടാതെ ഹോസ്റ്റൽ റെയിഡിന്റെ സമയത്ത് വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലം വന്നാലേ പറയാൻ കഴിയുകയുള്ളു എന്നും എസിപി വ്യക്തമാക്കി. പിടിച്ചെടുത്ത കഞ്ചാവ് എവിടെനിന്ന് വന്നു, ആർക്കൊക്കെയാണ് ഇതിൽ പങ്ക് എന്നിവയെല്ലാം കൃത്യമായിത്തന്നെ കണ്ടുപിടിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിദ്യാർഥികളുടെ റൂമിലെത്തിയ പോലീസ് അവരെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് വിദ്യാർഥികൾ ആരോപണമുയർത്തിയിരുന്നു. അത് അടിസ്ഥാനരഹിതമാണെന്നും എസിപി വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. വിദ്യാർഥികളായതുകൊണ്ട് മതിയായ മുന്നൊരുക്കങ്ങൾ നടത്തി അവിടെത്തെ അധികാരികളുടെ അനുമതി രേഖാമൂലം വാങ്ങിയാണ് പരിശോധന നടത്തിയത്. തിരച്ചിലിന്റെ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് നേരെ ഒരുതരത്തിലുള്ള ഭീഷണിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല, അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങൾ മാത്രമല്ല പൊതുഇടങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങി എല്ലായിടത്തും വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ടെന്നും എസിപി പി.വി. ബേബി പറഞ്ഞു.