മലപ്പുറം: തിരൂരിൽ സ്വകാര്യബസ് ജീവനക്കാരൻ നടുറോട്ടിലിട്ട് ക്രൂരമായി മർദിച്ച ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി തയ്യിൽ അബ്ദുൽ ലത്തീഫ് (49) ആണ് മരിച്ചത്. സ്വകാര്യബസ് ജീവനക്കാരന്റെ മർദനമേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു.
ആശുപത്രിയിലെത്തി ഓട്ടോയിൽ നിന്നിറങ്ങുമ്പോഴാണ് കുഴഞ്ഞുവീണത് എന്നാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
തിരൂർ– മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് ലത്തീഫനെ മർദിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ലത്തീഫിന് മര്‍ദനമേറ്റത്. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാര്‍ കയറി.
ഓട്ടോയിൽ ആളുകളെ കയറ്റിയതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയിൽനിന്ന് അബ്ദുൽ ലത്തീഫിനെ പിടിച്ചിറക്കിയാണ് മർദിച്ചത്. ഈ സമയം ബസിനുള്ളിൽ നിറയെ ആളുകളുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇന്നലെ താനൂരിൽ ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റിയ ഡ്രൈവർക്കും മർദനമേറ്റിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം ഇവിടെ പതിവെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.