മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ താരം വിരാട് കോലി എന്നിവരുമായി ബന്ധപ്പെട്ട വിരമിക്കല്‍ ചര്‍ച്ചകളില്‍നിന്ന് ക്രിക്കറ്റ് പണ്ഡിതരും ആരാധകരും പിന്തിരിയണമെന്ന അഭ്യര്‍ഥനയുമായി മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് രംഗത്ത്. 2028ലെ ഒളിംപിക്‌സില്‍ ഇരുവരും ഇന്ത്യയ്ക്കായി കളിക്കുന്നതാണ് തന്റെ സ്വപ്നമെന്ന് പറഞ്ഞ ശ്രീശാന്ത്, ഇരുവരും സ്വര്‍ണ മെഡല്‍ നേടി ഒളിംപ്യന്‍മാരായി വിരമിക്കട്ടെയെന്നും ചൂണ്ടിക്കാട്ടി.
2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സിലാണ് ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുവരെ കളി തുടരാന്‍ ഇരുവരെയും അനുവദിക്കണമെന്ന് ശ്രീശാന്ത് ബിസിസിഐയോട് ആവശ്യപ്പെട്ടു. അതേസമയം, ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ട്വന്റി20 ഫോര്‍മാറ്റിലായതിനാല്‍ ഇരുവരും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയാല്‍ മാത്രമേ ടൂര്‍ണമെന്റിന്റെ ഭാഗമാകാനാകൂ.
”എല്ലാവരും വിരാട് കോലിയെയും രോഹിത് ശര്‍മയെയും കുറിച്ചാണ് സംസാരിക്കുന്നത്. രോഹിത് വിരമിച്ചേക്കുമെന്നും ചര്‍ച്ചകള്‍ നടക്കുന്നു. ദയവു ചെയ്ത് അവരെ കളി തുടരാന്‍ അനുവദിക്കുക. നമ്മള്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുമെന്നാണ് എന്റെ പ്രതീക്ഷ. ഒളിംപ്യന്‍ വിരാട് കോലിയും ഒളിംപ്യന്‍ രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ’ ശ്രീശാന്ത് പറഞ്ഞു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം സുശക്തമാണെന്നും ചാംപ്യന്‍സ് ട്രോഫി കിരീടം നേടുന്നതില്‍നിന്ന് ഇന്ത്യയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. എതിരാളികള്‍ ആരായാലും ഇന്ത്യ ഇത്തവണ ചാംപ്യന്‍സ് ട്രോഫി നേടുമെന്നും ശ്രീശാന്ത് പറഞ്ഞു.
”എളിമയും സഹകരണവുമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത്. അവരുടെ സാഹോദര്യവും സഹകരണവും കളത്തില്‍ത്തന്നെ വളരെയധികം പ്രകടമാണ്. ഈ ടീമിന്റെ കരുത്തും അതുതന്നെയാണ് ഞാന്‍ കരുതുന്നു’ ശ്രീശാന്ത് പറഞ്ഞു.