കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളിൽ റാഗിങ് നടത്തിയ 5 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് കോളേജിൽനിന്നു സസ്പെൻഡ് ചെയ്തത്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പൽ നടപടി എടുത്തത്.
ഇവരുടെ ഭാഗത്തുനിന്ന് ഒന്നാം വർഷ വിദ്യാർഥികൾക്കു നേരെയുണ്ടായത് അതി ക്രൂരമായ ശാരീരിക പീഡനമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദ്യാർഥികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മൂന്നു മാസമായി റാഗിങ്ങിന്റെ പേരിൽ ക്രൂരമായ പീഡനങ്ങളാണ് നടക്കുന്നതെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർഥികളായ 5 പേർക്കെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു.
കൂടാതെ കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തതു. മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.