ചെന്നൈ: സൂര്യാസ്തമനത്തിനുശേഷവും സൂര്യോദയത്തിനുമുമ്പും സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ കോടതി നിര്‍ദ്ദേശമാണെന്നും നിര്‍ബന്ധിതമല്ലെന്നും മദ്രാസ് ഹൈക്കോടതി. കോടതിയുടെ നിയന്ത്രണങ്ങള്‍ പാലിക്കാത്തപക്ഷം വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മാത്രമാണ് ഇതെന്നും നിയമങ്ങള്‍ പാലിക്കാന്‍ പരാജയപ്പെടുന്നതുകൊണ്ടുമാത്രം അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കണക്കാക്കില്ലെന്നും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് എം ജ്യോതിരാമന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രസ്താവിച്ചു.
അതേസമയം, ഈ പറഞ്ഞ സമയങ്ങളില്‍ അറസ്റ്റ് ചെയ്താല്‍, അതിനുള്ള വിശദീകരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യാവുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ രാത്രിയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് നിയമം നിരോധിക്കുന്നുവെന്ന് കോടതി എടുത്തുകാട്ടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറസ്റ്റ് ചെയ്യുന്നതിന് മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
സല്‍മ കേസ് പരിഗണിക്കവെ ഏകാംഗ ബെഞ്ചാണ് രാത്രികാലങ്ങളില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. അതേസമയം നിയമം നടപ്പിലാക്കുന്നതിന് ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ 154-ാം റിപ്പോര്‍ട്ടില്‍ നല്‍കിയ ശുപാര്‍ശകള്‍ക്ക് അനുസൃതമായി ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ സെക്ഷന്‍ 43 ഭേദഗതി ചെയ്യുന്നത് സംസ്ഥാന നിയമസഭയ്ക്ക് പരിഗണിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഒരു കേസില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ അനിത ഹെഡ് കോണ്‍സ്റ്റബിള്‍ കൃഷ്ണവേണി എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള സിംഗിള്‍ ജഡ്ജിയുടെ ഉത്തരവും കോടതി റദ്ദാക്കി. അതേസമയം കോടതിക്ക് മുന്നില്‍ വസ്തുതകള്‍ തെറ്റായി അവതരിപ്പിച്ചതില്‍ സബ് ഇന്‍സ്‌പെക്ടര്‍ ദീപയ്ക്കെതിരായ നടപടി കോടതി ശരിവച്ചയ്ക്കുകയും ചെയ്തിട്ടുണ്ട്.
Summary: The Madras High Court has said that the restrictions on arresting women after sunset and before sunrise are court orders and not mandatory.