കൊച്ചി: പകുതി വിലയ്ക്ക് വാഹനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എകദേശം 4 കോടിയോളം രൂപയുണ്ടായിരുന്ന അക്കാണ്ടുകളാണ് മരവിപ്പിച്ചത്. എറണാകുളം റൂറൽ ജില്ലയിൽ മാത്രം 10 ഓളം പരാതികളാണ് ലഭിച്ചത്. 316, 317 വകുപ്പുകൾ പ്രകാരമാണ് അനന്തു കൃഷ്ണനെതിരെ കേസെടുത്തത്.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പകുതി തുക നൽകിയാൽ ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ പല ആള്‍ക്കാരില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. വ്യാജ എൻജിഒകൾ രൂപീകരിച്ചാണ് ഇയാളുടെ തട്ടിപ്പ് മുഴുവനും.
തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകളാണ്. ഉത്പ്പന്നത്തിന്‍റെ പകുതി തുക നൽകിയാൽ ബാക്കി തുക ബഹുരാഷ്ട്രകമ്പനികളുടെ സിഎസ്‌ആർ ഫണ്ടുകൾ വഴി നൽകുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഏകദേശം 1,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.