ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ ആറു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലേക്ക് ഒതുക്കുമെന്ന് മത്സരത്തിനു മുൻപേ വിടുവായിത്തം വിളമ്പിയ ഇംഗ്ലീഷ് പേസ് ബോളർ ജോഫ്ര ആർച്ചറിനെ എടുത്തിട്ട് അടിച്ചലക്കി ഇന്ത്യൻ ബാറ്റർമാർ. ജോഫ്ര ആർച്ചർ എറിഞ്ഞ നാല് ഓവറിൽ ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയത് 60 റൺസ്! ഇതിൽ, ഇരട്ട സിക്സും ഒരു ഫോറും സഹിതം തിലക് വർമ ഒരു ഓവറിൽ അടിച്ചുകൂട്ടിയ 17 റൺസും ഉൾപ്പെടുന്നു.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ട്വന്റി20യിൽ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത് ഇംഗ്ലീഷ് ബോളർമാരിൽ തിളങ്ങിയ ആർച്ചറിന്, ചെന്നൈയിലെത്തിയപ്പോൾ തൊട്ടതെല്ലാം പിഴയ്ക്കുന്നതായിരുന്നു കാഴ്ച. ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ മൂന്നു ഫോറുകളോടെ അഭിഷേക് ശർമ അടിച്ചുകൂട്ടിയത് 13 റൺസ്.
ആർച്ചറിന്റെ രണ്ടാം ഓവറിൽ മലയാളി താരം സഞ്ജു സാംസൺ പുറത്തായെങ്കിലും, പിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇരട്ട ഫോറുകളുമായി തലങ്ങും വിലങ്ങും പായ്ച്ചതോടെ ആ ഓവറിലും 11 റൺസ് പിറന്നു. ഇതുകൊണ്ടൊന്നും എനിക്ക് തൃപ്തിയായില്ലെന്ന മട്ടിലെത്തിയ ആർച്ചർ പിന്നീടങ്ങോട്ട് തിലക് വർമയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ആർച്ചറിന്റെ മൂന്നാം ഓവറിൽ ഇരട്ട സിക്സും ഫോറും സഹിതം തിലക് വർമ അടിച്ചുകൂട്ടിയത് 17 റൺസ്! ഇതോടെ ആദ്യ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആർച്ചർ വഴങ്ങിയത് 41 റൺസ്! പിന്നീട് നിർണായക ഘട്ടത്തിൽ അവസാന ഓവർ എറിയാനെത്തിയ ആർച്ചറിനെതിരെ തിലക് വർമയും അർഷ്ദീപ് സിങ്ങും ചേർന്ന് രണ്ടു സിക്സും ഒരു ഫോറും സഹിതം അടിച്ചെടുത്തത് 19 റൺസ്. ഇതോടെ ആർച്ചർ നാല് ഓവറിൽ വഴങ്ങിയത് 60 റൺസ്. നേടിയത് ഒരു വിക്കറ്റും.
മത്സരത്തിനു മുൻപ് ഒരു രാജ്യാന്തര മാധ്യമത്തോടുള്ള ആർച്ചറിന്റെ ഡയലോഗ് ഇങ്ങനെയായിരുന്നു, ‘‘കൊൽക്കത്തയിൽ എനിക്കു നന്നായി പന്തെറിയാൻ സാധിച്ചു. ഇംഗ്ലണ്ടിന്റെ മറ്റു ബോളർമാരും മികച്ചു നിന്നു. പക്ഷേ ഇന്ത്യൻ ബാറ്റർമാരെ ഭാഗ്യം നന്നായി തുണച്ചു. അതുകൊണ്ടാണ് അവർ വിജയിച്ചത്. ഇന്ത്യൻ ബാറ്റർമാർ ഉയർത്തിയടിച്ച പല പന്തുകളും ഇംഗ്ലണ്ട് ഫീൽഡർമാർക്കു പിടിച്ചെടുക്കാൻ സാധിച്ചില്ല. അവർക്കു ഭാഗ്യമുണ്ട്. അടുത്ത കളിയിൽ അതിൽ വിജയിച്ചാൽ, ഇന്ത്യയെ 40 റൺസിന് ആറ് എന്ന നിലയിലേക്കൊക്കെ എത്തിക്കാൻ സാധിക്കും.’’
Tilak Varma treating Jofra Archer like Haris Rauf.
pic.twitter.com/9XRulEJ96Q— Johns (@JohnyBravo183) January 25, 2025