തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 75.85% പോളിംഗ് ആണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. എല്ലാ ജില്ലകളിലും പോളിംഗ് ശതമാനം 70 കടന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് 73.56% ആയി.
1,53,37,176 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളില്‍ വിധിയെഴുതിയത്. ഇതില്‍ 80.92 ലക്ഷം പേര്‍ സ്ത്രീകളും 72.47 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലെയും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും വോട്ടെടുപ്പ് നടന്നു. 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 18,974 പേര്‍ പുരുഷന്മാരും 20,020 പേര്‍ സ്ത്രീകളുമാണ്. പ്രശ്ന ബാധിത ബൂത്തുകള്‍ ഏറെയുള്ളത് രണ്ടാംഘട്ടത്തിലായിരുന്നു. അതുകൊണ്ടുതന്നെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. 2,005 പ്രശ്ന ബാധിത ബൂത്തുകളാണ് ഈ ഏഴ് ജില്ലകളിലായി ഉള്ളത്. ഇതില്‍ പകുതിയില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലെ 51 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീതിയുമുണ്ടായിരുന്നു.

















































