ന്യൂഡല്‍ഹി: ഇവിടെ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കുമെന്നും അന്ന് എതിര്‍ത്തിരുന്നവര്‍ ഇപ്പോര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത്. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് അത് എന്നും നിലനില്‍ക്കുന്നതെന്നും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
”ആര്‍എസ്എസ് ഒരു പ്രതിരോധ സംഘടനയല്ല. മുന്‍പ് ഞങ്ങളുടെ മേധാവി ഗുരുജി പറഞ്ഞിട്ടുണ്ട്, ഇവിടെ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ഇല്ലെങ്കില്‍ പോലും ആര്‍എസ്എസ് നിലനില്‍ക്കും, കാരണം അത് സമൂഹത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.” ഡല്‍ഹിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഈ വാദം മറുഭാഗവും യോജിച്ചുവെന്നും പറഞ്ഞു. നേരത്തെ ഞങ്ങളെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഞങ്ങളുടെ സുഹൃത്തുക്കളായി. മുന്‍പും ഞങ്ങള്‍ അവരെ എതിരാളികളായി കണ്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭാരതീയ, ഹിന്ദു, സനാതനി തുടങ്ങിയ വാക്കുകള്‍ എല്ലാം ഒന്നുതന്നെയാണ്. മാതൃരാജ്യത്തോടുള്ള പ്രതിബദ്ധതയുടെ പശ്ചാത്തലത്തില്‍ അവയെല്ലാം ഒരേ കാര്യത്തെയാണ് സൂചിപ്പിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആര്‍എസ്എസ് യാത്രയുടെ 100 വര്‍ഷം: പുതിയ ചക്രവാളങ്ങള്‍’ എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും സ്വയംസേവകര്‍ തങ്ങളെത്തന്നെ എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കാനും ലക്ഷ്യമിടുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
കല, കായികം, നിയമം, ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍, ചിന്തകര്‍, മാധ്യമങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്വാധീനിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 2000-ത്തോളം ആളുകള്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കും. രാഷ്ട്രീയ നേതാക്കളും ഇതില്‍ ഉള്‍പ്പെടും.