തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിലെ ഒരു രംഗം അടർത്തിയെടുത്ത് അശ്ലീലച്ചുവയുള്ള ഗാനം ചേർത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ഉയർന്ന വിവാദത്തോടെ നാടകത്തിന്റെ രാഷ്ട്രീയവും കലാകാരിയുടെ സ്വാതന്ത്ര്യവും വീണ്ടും ചർച്ചയാകുകയാണ്. അടിയന്തരാവസ്ഥാ കാലത്തെ രാഷ്ട്രീയ അടിച്ചമർത്തലും സ്നേഹലത റെഡ്ഡിയുടെ ജയിൽ അനുഭവങ്ങളും പ്രമേയമാക്കിയ നാടകം, ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ അതിന്റെ കാഠിന്യത്തോടെ തന്നെ അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. നാടകത്തിലെ അഭിനയരംഗം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതിലൂടെ താൻ ഉയർത്തുന്ന രാഷ്ട്രീയത്തോടുള്ള എതിർപ്പാണ് മറനീക്കി പുറത്തുവന്നിട്ടുള്ളതെന്ന് അഭിനേതാവായ ചിനൂസ് ചിലങ്ക പ്രതികരിച്ചു.
തന്റെ വസ്ത്രത്തെയും അഭിനയത്തെയും കേന്ദ്രീകരിച്ച് നടക്കുന്ന സൈബർ ആക്രമണത്തെയും വൈകിയെത്തിയ സാംസ്കാരിക പിന്തുണയെയും അവർ വിമർശിക്കുന്നു. അതേസമയം, വിവാദത്തിന് പിന്നാലെ ഡിവൈഎഫ്ഐ വീണ്ടും ‘മിസ’യ്ക്ക് വേദിയൊരുക്കുന്നത് കലാകാരിയോടുള്ള ഐക്യദാർഢ്യമായും നാടകം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമായുമാണ് അവർ കാണുന്നത്. ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ആയുധം അവരുടെ ശരീരവും ശബ്ദവുമാണ്. ഇപ്പോൾ പുറത്തുവന്ന ക്ലിപ്പിൽ നിങ്ങൾക്ക് എന്റെ പ്രകടനത്തിന്റെ ശരിക്കുമുള്ള ശബ്ദം കേൾക്കാൻ കഴിയും.
എന്നാൽ അതിലേക്ക് അശ്ലീലച്ചുവയുള്ള ഗാനം കൂട്ടിച്ചേർത്ത് ആ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഈ വീഡിയോ ആദ്യം എഡിറ്റ് ചെയ്തവർ അതിന്റെ ശരിക്കുമുള്ള അവതരണം കേട്ടതായിരിക്കുമല്ലോ. അപ്പോൾ എന്റെ വസ്ത്രമല്ല, പക്ഷേ ഞാൻ ഈ നാടകത്തിലൂടെ പറഞ്ഞ രാഷ്ട്രീയമാണ് വിഷയം. എന്റെ രാഷ്ട്രീയം കൊള്ളേണ്ടതാണ് എന്നതിന്റെ തെളിവാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.






