വാഷിങ്ടൺ: അധികാരം ഒഴിയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർണായക രാഷ്ട്രീയ കരു നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡൊണാൾഡ് ട്രംപിന്റെ ശത്രുലിസ്റ്റിൽപ്പെട്ട തന്റെ മുൻ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി, റിട്ടേർഡ് ജനറൽ മാർക്ക് മില്ലി, 2021ൽ കാപ്പിറ്റോൾ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങൾ എന്നിവർക്ക് ‘മുൻകൂർ മാപ്പ്’ (pre-emptive pardons) പ്രഖ്യാപിച്ച് ബൈഡന്റെ ഉത്തരവ്.
ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയാൽ ഇവർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാതിരിക്കാനാണ് ബൈഡൻ, പ്രസിഡൻറിൻറെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാൾക്കെതിരേ കുറ്റം ചുമത്തപ്പെടുകയോ കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്യുന്നതിന് മുൻപുതന്നെ അയാളെ ശിക്ഷയിൽനിന്ന് ഒഴിവാക്കാനുള്ള പ്രസിഡന്റിന്റെ പ്രത്യേക അവകാശമാണ് മുൻകൂർ മാപ്പ്’.
തിരഞ്ഞെടുപ്പ് സമയത്തുതന്നെ ട്രംപ് തന്റെ ശത്രുക്കളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായി എതിർത്തവരും കാപ്പിറ്റോൾ കലാപത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ട്രംപിനെതിരെ നിലകൊണ്ടവരുമെല്ലാമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. താൻ വീണ്ടും അധികാരത്തിലെത്തിയാൽ ഇവർക്കെതിരെയെല്ലാം നടപടികളുണ്ടാകുമെന്ന സൂചനയും ട്രംപ് പലപ്പോഴായി നൽകിയിരുന്നു. കാപ്പിറ്റോൾ കലാപത്തിനെ ന്യായീകരിക്കുകയും വിവാദങ്ങളിൽ കൂടെ നിൽക്കുകയും ചെയ്ത പലർക്കും ട്രംപ് ക്യാബിനറ്റ് പദവികളും പ്രഖ്യാപിച്ചിരുന്നു.
ചങ്ങലയ്ക്കിടാത്ത കാലുകളുമായി ഇനി ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും സ്വതന്ത്രരായി സഞ്ചരിക്കും; ഏറ്റെടുത്ത് അനന്ത് അംബാനി നേതൃത്വം നൽകുന്ന വൻതാര
അമേരിക്കയുടെ കോവിഡ് നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ നേതൃത്വമായിരുന്നു ബൈഡന്റെ മുൻ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഡോ.വആന്റണി ഫൗച്ചിക്ക്. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മാസ്‌ക് നിർബന്ധമാക്കിയത് പോലുള്ള നടപടികൾക്ക് ബൈഡന് ഉപദേശം നൽകിയത് ഇദ്ദേഹമായിരുന്നു. ഈ വിഷയത്തിൽ ആന്റണി ഫൗച്ചിക്കെതിരെ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും രൂക്ഷ വിമർശനമുയർത്തിയിരുന്നു. മുൻ സൈനിക തലവനായ ജന. മാർക്ക് മില്ലിയും ട്രംപിന്റെ ശത്രുലിസ്റ്റിൽ പെട്ടവരിൽ പ്രധാനികളാണ്. ട്രംപിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ജന. മാർക്ക് മില്ലി കാപ്പിറ്റോൾ കലാപത്തിൽ ട്രംപിനുള്ള പങ്കും ഉയർത്തിക്കാട്ടിയിരുന്നു.
ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റയുടൻ ഇവർക്കെതിരെയുണ്ടായേക്കാവുന്ന നിയമനടപടികളിൽ നിന്നും മറ്റ് പ്രതികാര നടപടികളിൽ നിന്നും സംരക്ഷണം നൽകാനായാണ് ബൈഡൻ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് നിരുപാധിക മാപ്പ് പ്രഖ്യാപിച്ചത്. മുൻ പ്രസിഡൻറായിരുന്ന എബ്രഹാം ലിങ്കന്റെ കാലത്തും ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കേസുകളിൽ ഇത്തരത്തിൽ മുൻകൂർ മാപ്പ് നൽകിയിട്ടുണ്ട്.