ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്ന ഒന്നാം നാള്‍ മുതൽ തോറ്റംപാട്ടിന് തുടക്കമാകും. ചിലപ്പതികാരത്തിലെ കണ്ണകിചരിതമാണ് തോറ്റംപാട്ടിലൂടെ പാടുന്നത്. ദേവിക്ക് മുന്നില്‍ പച്ചപ്പന്തല്‍കൊണ്ട് പ്രത്യേകം തീര്‍ത്ത സ്ഥലത്തിരുന്നാണ് തോറ്റംപാട്ടുകാര്‍ പാട്ട് ആലപിക്കുന്നത്.
ഒന്നാം ദിവസം പാടുന്ന പാട്ടില്‍ ദേവിയെ ആവാഹിച്ച് കുടിയിരുത്തുന്നതായിട്ടുള്ളതാണ് പാടുന്നത്. ഓരോ ദിനവും പാട്ടുകാര്‍ പാടുന്ന കഥാഭാഗം അതാതു ദിവസങ്ങളിലെ ചടങ്ങുകളുമായി ബന്ധപ്പെട്ടിരിക്കും.
രണ്ടാം ഉത്സവദിവസത്തിൽ ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് പാടുന്നത്. ആടകള്‍ ചാര്‍ത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുന്നതാണ് ഈ ദിവസത്തിലെ കഥാഭാഗം.
മൂന്നാം ഉത്സവദിനത്തിൽ കോവലനും, ദേവിയുമായുള്ള വിവാഹത്തിന്റെ വര്‍ണ്ണനകളാണ് ഈ ദിവസം പാടുന്നത്. ഈ ഭാഗം മാലപ്പുറം പാട്ടെന്നാണ് അറിയപ്പെടുന്നത്.
നാലാം ഉത്സവദിവസത്തിൽ ദരിദ്രനായിത്തീര്‍ന്ന കോവലന്‍ ദേവിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിത്യവൃത്തിക്കായി ദേവിയുടെ ചിലമ്പ് വില്‍ക്കാനായി കൊണ്ടുപോകുന്ന ഭാഗമാണ് തോറ്റംപാട്ടിലൂടെ പാടുന്നത്.
അഞ്ചാം ഉത്സവദിവസത്തിൽ ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരാനഗരിയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍, താന്‍ ചെയ്ത കുറ്റം മറച്ചുവയ്ക്കാനായി രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന് മുദ്രകുത്തി പാണ്ഡ്യരാജാവിന്റെ സദസില്‍ എത്തിക്കുന്ന ഭാഗമാണ് തോറ്റംപാട്ടിലൂടെ പാടുന്നത്.