കാക്കനാട്: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടിയെടുക്കാൻ ശ്രമിച്ച ആറംഗ സംഘം അറസ്റ്റിൽ. ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് സിബിനു സാലി (23), കണ്ണൂർ ഉരുവച്ചാൽ അടിയോട് വീട്ടിൽ റയാസ് (26), മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27) എന്നിവരെയാണ് തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ പരിചയപ്പെട്ട പ്രതികൾ പിന്നീട് ഇവർ താമസിച്ചിരുന്ന കാക്കനാട് പടമുകളിലെ വീടിനു സമീപത്തേക്ക് രാത്രി വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയ യുവാവിനെ സംഘം ചേർന്ന് മർദിച്ചശേഷം മൊബൈൽ ഫോൺ കൈക്കലാക്കി. പിന്നീട് താൻ സ്വവർഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ പ്രതികൾ പകർത്തുകയും ചെയ്തു.
ഇടതു നിന്നും വീണ്ടും പഴയ തട്ടകത്തിലേക്കോ, ദൂർത്ത പുത്രനെ പിതാവ് സ്വീകരിക്കുമോ? തീരുമാനം ഉടൻ, പിവി അൻവർ വീണ്ടും കോൺഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന, പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ച
തുടർന്ന് ഈ വീഡിയോ വാട്സാപ്പ് വഴി പ്രചരിപ്പിക്കാതിരിക്കാൻ ഒരുലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം വൈകീട്ട് പണം നൽകാമെന്നു സമ്മതിച്ചതോടെ യുവാവിനെ പ്രതികൾ വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയ യുവാവ് സംഭവം പിതാവിനെ അറിയിച്ചു. തുടർന്ന് വീട്ടുകാർ തൃക്കാക്കര പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറംഗസംഘം വലയിലായത്.
പ്രതികളിൽനിന്ന് പത്ത് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. സംഘം ഡേറ്റിങ് ആപ്പിലൂടെ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

















































