തിരുവനന്തപുരം: വലതു നിന്നിറങ്ങി ഇടത് സഹയാത്രികനായ നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും കോൺഗ്രസിൽ ചേരാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന. ഇതിൻെറ ഭാഗമായി സംസ്ഥാനത്തെ പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. എൽഡിഎഫ് വിട്ട ശേഷം ഡിഎംകെ, തൃണമൂൽ കോൺഗ്രസ് പാർട്ടികളിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തിയശേഷമാണ് അൻവർ ഏറ്റവും ഒടുവിലായി തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്താനുള്ള നീക്കം നടത്തിവരുന്നത്.
എന്നാൽ ഇതിനൊക്കെയിടയിലും ഏവരും ഉറ്റുനോക്കുന്നത് ഈ നീക്കത്തെ എതിർത്തിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാടാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവരുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവറിനെ കോൺഗ്രസിൽ എടുക്കുന്നതിൽ തെറ്റില്ലെന്ന് നേരത്തെ വിടി ബൽറാം അടക്കമുള്ള നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു.
എന്നാൽ അൻവറിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. പക്ഷെ മാറിയ സാഹചര്യങ്ങളും പുതിയ ചർച്ചകളും ഈ നിലപാടിൽ മാറ്റമുണ്ടാക്കിയേക്കാം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സർക്കാറിനെതിരെയും പോലീസ് തലപ്പത്തിരിക്കുന്നവർക്കെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് എൽഡിഎഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എംഎൽഎ പിവി അൻവർ പുറത്തായത്.
വരൻ വില്ലേജ് ഓഫീസ് ജീവനക്കാരനായാൽ കല്ല്യാണക്കുറി ഇങ്ങനെയിരിക്കും, കരമടച്ച രസീത് മാതൃകയിൽ ഒരു വിവാഹ ക്ഷണക്കത്ത്
പിന്നാലെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സംവിധാനം രൂപവൽകരിച്ചാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ അൻവർ ശക്തി പ്രകടനത്തിന് ശ്രമം നടത്തിയിരുന്നു. വയനാടും പാലക്കാടും യു.ഡി.എഫിന് പിന്തുണയും നൽകിയിരുന്നു. ചേലക്കരയിൽ കെപിസിസി മുൻ സെക്രട്ടറി എൻകെ സുധീറിനെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിപ്പിച്ചു. നാലായിരത്തോളം വോട്ടുകൾ സുധീർ സ്വന്തമാക്കുകയും ചെയ്തു.