മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിൽ മുൻവൈരാഗ്യമെന്ന് സൂചന. പ്രതി മൊയ്തീൻകുട്ടി ചാരങ്കാവ് സ്വദേശി പ്രവീണിനെയാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം ഒരാളെക്കൂടി കൊല്ലാനുണ്ടെന്നു പറഞ്ഞ് മൊയ്തീൻ നടന്നു നീങ്ങിയതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
‘‘തന്നോടുവ്നനു കാടുവെട്ടുന്ന യന്ത്രം വേണമെന്ന് പറഞ്ഞു. മണ്ണുമാന്തി യന്ത്രം കിടക്കുന്ന സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണെന്നാണു പറഞ്ഞത്. പണി തുടങ്ങാറായി, പോകണമെന്നു ഞാൻ പറഞ്ഞപ്പോൾ ഇപ്പോൾ തരാമെന്നു പറഞ്ഞു. മെഷീൻ വണ്ടിയിൽ നിന്നെടുത്തു. ആ സമയം പ്രവീൺ തിരിഞ്ഞു നിൽക്കുകയായിരുന്നു. മൊയ്തീൻ പുറകിലൂടെ ചെന്ന് പ്രവീണിന്റെ കഴുത്ത് മുറിച്ചു. അതിനുശേഷം ഓടാതെ സാവധാനം മുകളിലേക്ക് നടന്നുപോയി. പിന്നീട് തിരികെ വന്നു ഒരാളെകൂടി കൊല്ലാനുണ്ടെന്നു പറഞ്ഞു’’ –ദൃക്സാക്ഷി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഇരുവരും ഒരുമിച്ച് ജോലിക്ക് പോകുന്നവരാണ്. നേരത്തെ പ്രശ്നങ്ങളുള്ളതായി ആർക്കും അറിയില്ല. പ്രവീൺ പ്രശ്നങ്ങൾക്ക് പോകുന്ന ആളല്ലെന്നു നാട്ടുകാർ പറയുന്നു. കൊലയ്ക്കു ശേഷം പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പോലീസിനു കൈമാറുകയായിരുന്നു. മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിനു വിവരം ലഭിച്ചു. പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.