കൊച്ചി: കൊച്ചിയിൽ പെൺസുഹൃത്തിനോട് സംസാരിച്ച യുവാവിന് ക്രൂരമർദ്ദനം. എറണാകുളം സ്വദേശിയും കാപ്പാ കേസ് പ്രതിയുമായ ശ്രീരാജാണ് യുവാവിനെ ഇരുമ്പുവടിയുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തി വാട്സാപ്പിൽ സ്റ്റാറ്റസും ആക്കി. ഇരുമ്പ് വടിയും കമ്പിയും ഉപയോഗിച്ചാണ് യുവാവിനെ മർദ്ദിച്ചത്. ശ്രീരാജ് യുവതിയേയും അക്രമിച്ചതായാണ് പരാതി. മൊബൈൽ ഫോൺ തട്ടിയെടുക്കുകയും സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളഞ്ഞതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
പണി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അതിക്രമം കാണിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പണി സിനിമയിൽ ഡേവി എന്ന കഥാപാത്രത്തെ ആക്രമിക്കുന്നതിന് സമാനമായിട്ടായിരുന്നു ശ്രീരാജ്, യുവാവിനോട് ക്രൂരത കാട്ടിയത്.
ഒച്ചവെച്ചാൽ കത്തിക്കുമെന്നും ഒച്ച പുറത്ത് കേട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദ്ദനം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കത്തിയുമായെത്തിയാണ് പ്രതി ആക്രമിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പം പറഞ്ഞായിരുന്നു ആക്രമണം. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആക്രമിക്കപ്പെട്ട ആളുടെ വാട്സാപ്പിൽ സ്റ്റാറ്റസും ആക്കി. പ്രാണരക്ഷാർത്ഥം യുവാവ് ഓടി രക്ഷപെടുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസം ഇയാളെ കാപ്പ നിയമലംഘനത്തിന് പോലീസ് പിടികൂടിയിരുന്നു. അതേ സമയം ഇയാൾ പെൺസുഹൃത്തിനെയും മർദ്ദിച്ചതായി പരാതി വന്നിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് ഇയാൾ അക്രമം നടത്തിയത്. വീട് അടിച്ചു തകർക്കുകയും പെൺകുട്ടിയെ കാലിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. യുവതിയുടെ ഫോണും ശ്രീരാജ് മോഷ്ടിച്ചു. യുവതിയുടെ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.