ഏദൻ: ചെങ്കടലിൽ വിവിധ മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ 750 ടൺ ആയുധങ്ങൾ പിടിച്ചെടുത്തതായി യെമൻ അധികൃതർ അറിയിച്ചു. നാവിക, വ്യോമ മിസൈൽ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആധുനിക റഡാർ ഉപകരണങ്ങൾ, ഡ്രോണുകൾ, വയർടാപ്പിങ് ഉപകരണങ്ങൾ, ആന്റി-ആർമർ മിസൈലുകൾ, ബി-10 പീരങ്കികൾ, ട്രാക്കിങ് ലെൻസുകൾ, സ്‌നൈപ്പർ റൈഫിളുകൾ, വെടിമരുന്ന്, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്ത ആയുധങ്ങളിൽ ഉൾപ്പെടുമെന്ന് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗവും നാഷനൽ റെസിസ്റ്റൻസ് ഫോഴ്‌സിന്റെ കമാൻഡറുമായ താരിഖ് മുഹമ്മദ് സാലിഹ് എക്‌സിലൂടെ അറിയിച്ചു. ഇറാനിൽ നിന്ന് ഹൂതികൾക്ക് അയച്ചതാണ് ചരക്കെന്നും ഇവർ വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത ചരക്കിന്റെ വിഡിയോയും യെമൻ ഉദ്യോഗസ്ഥൻ പുറത്തുവിട്ടു. ഇതിൽ ഒരു കപ്പലിൽ പുതിയതും അത്യാധുനികവുമായ ഒട്ടേറെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും കാണിക്കുന്നുണ്ട്. ഇറാനിൽ നിന്ന് ഹൂതികൾക്ക് അയച്ച ചരക്കാണ് പിടിച്ചെടുത്തതെന്ന് സാലിഹ് പറഞ്ഞു.
അതേസമയം ഹൂതി സായുധസംഘത്തിന്റെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാർ ഹൂതികൾക്ക് ഇറാൻ ആയുധങ്ങളും സൈനിക സഹായവും നൽകുന്നുണ്ടെന്ന് നേരത്തേയും ആരോപിച്ചിരുന്നു.