വിജയവാഡ: ഗാർഹിക പീഡനത്തെ തുടർന്ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ശ്രീവിദ്യ (24) എന്ന അധ്യാപികയുടെ ആത്മഹത്യ കുറിപ്പ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു. സഹോദരന് അയച്ച ആത്മഹത്യ കുറിപ്പിലെ വരികളാണ് സമൂഹമാധ്യമങ്ങളെ പിടിച്ചുകുലുക്കിയത്. ഇത്തവണ സഹോദരന് രാഖി കെട്ടാൻ തനിക്കാകില്ലെന്ന് യുവതി കുറിപ്പിൽ പറയുന്നു. കൃഷ്ണ ജില്ലയിലെ സ്വകാര്യ കോളേജിൽ അധ്യാപികയായിരുന്നു മരിച്ച ശ്രീവിദ്യ.
‘‘സൂക്ഷിച്ചു പോകൂ സഹോദരാ, ഇത്തവണ നിനക്ക് രാഖി കെട്ടാൻ ഞാനുണ്ടേയിക്കില്ല’’ – എന്നായിരുന്നു ആത്മഹത്യ കുറിപ്പിലെ വരികൾ.അതേസമയം ഗ്രാമ സർവേയറായി ജോലി നോക്കുന്ന രാംബാബുവുമായി ആറ് മാസം മുൻപായിരുന്നു ശ്രീവിദ്യയുടെ വിവാഹം. വിവാഹ കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും ക്രൂരമായ ഗാർഹിക പീഡനത്തിന് താൻ ഇരയായതായി യുവതി കുറിപ്പിൽ പറയുന്നു.
എന്നും മദ്യപിച്ച് വീട്ടിലെത്തുന്ന രാംബാബു തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നതായി യുവതി കുറിപ്പിൽ പറയുന്നു. കൂടാതെ തന്നെ മറ്റൊരു സ്ത്രീയുടെ മുന്നിൽ വച്ച് ഭർത്താവ് പരിഹസിക്കുകയും, ‘ഒന്നിനും കൊള്ളാത്തവൾ’ എന്ന് വിളിക്കുകയും ചെയ്തതായും യുവതി ആത്മഹത്യ കുറിപ്പിൽ പറയുന്നു.