ചണ്ഡീഗഡ്: തന്നേക്കാൾ സൗന്ദര്യമുണ്ടെന്നു പറഞ്ഞ് ആറുവയസുകാരിയായ മരുമകളേയും സ്വന്തം മകനേയുമുൾപടെ നാലുപേരെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. വിവാഹച്ചടങ്ങിനിടെ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സിവാ ഗ്രാമത്തിൽനിന്നുള്ള പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. നേരത്തെ, സ്വന്തം മകൻ ഉൾപ്പെടെ മൂന്നു കുട്ടികളെ സമാ രീതിയിൽ പൂനം കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
യുവതിയുടെ അസൂയയിൽ സോണിപത് സ്വദേശിയായ വിധി എന്ന പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. പൂനത്തിന്റെ ഭർത്താവ് നവീന്റെ ബന്ധുവിന്റെ മകളാണ് വിധി. പാനിപ്പത്തിലെ നൗൽത്ത ഗ്രാമത്തിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പൂനവും വിധിയും കുടുംബാംഗങ്ങളും എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിവാഹ ഘോഷയാത്ര നൗൽത്തയിൽ എത്തിയപ്പോൾ കുടുംബാംഗങ്ങൾ അതിനോടൊപ്പം പോയി. കുറച്ചു കഴിഞ്ഞപ്പോൾ വിധിയെ കാണുന്നില്ലെന്ന് പറഞ്ഞ് പിതാവ് സന്ദീപിന് ഫോൺ വന്നു. പിന്നാലെ കുടുംബം തിരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷം വിധിയുടെ മുത്തശ്ശി ഓംവതി, ബന്ധുവിൻറെ വീടിൻറെ സ്റ്റോർ റൂമിലെ വെള്ളം നിറച്ച ബക്കറ്റിൽ തല മുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉടനെ കുട്ടിയെ സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂനത്തിന്റെ ക്രൂരമായ കൊലപാതക പരമ്പര വെളിച്ചത്തുവന്നത്. അസൂയയും വിദ്വേഷവുമാണ് പൂനത്തെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തന്നെക്കാൾ സൗന്ദര്യമുള്ള ആരും ഉണ്ടാകരുത് എന്ന ചിന്തയിൽ നിന്നാണ് കുട്ടികളെ കൊലപ്പെടുത്തിയത്.
അതേസമയം സമാന സാഹചര്യങ്ങളിൽ നാലു കുട്ടികളെ മുക്കി കൊന്നതായി പൂനം സമ്മതിച്ചു. മൂന്ന് പെൺകുട്ടികളും സ്വന്തം മകനും ഇതിൽ ഉൾപ്പെടുന്നു. 2023ൽ പൂനം തൻറെ സഹോദരൻറെ മകളെ കൊന്നു. അതേ വർഷം, സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും ഇതേ രീതിയിൽ കൊലപ്പെടുത്തി. 2024 ഓഗസ്റ്റിൽ തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന് തോന്നിയ സിവാ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെയും പൂനം കൊലപ്പെടുത്തി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

















































