പാലക്കാട്: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച ശരീരത്തിൽ മർദനമേറ്റ പാടുകളോ, മറ്റു മുറിവുകളോ ഇല്ലെന്ന് പോലീസ്. ബുധനാഴ്ച രാവിലെയാണ് മാട്ടുമന്ത ചോളോട് സി.എൻ. പുരം സ്വദേശിനി മീരയെ (32) ഭർത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയത്തിലായിരുന്ന മീരയും അനൂപും ഒരു വർഷം മുൻപാണു വിവാഹിതരായത്. വിവാഹവാർഷികദിനത്തിൽ ഭർത്താവ് വാട്സാപ്പിൽ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. അനൂപും മീരയും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഒൻപതിനു രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നു മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു. തുടർന്ന്, ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അടുക്കളയ്ക്ക് അടുത്തുള്ള വർക്ക് ഏരിയയിലെ സീലിങ്ങിൽ ചുരിദാറിന്റെ ഷാളിൽ തൂങ്ങിയനിലയിൽ മീരയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അതേസമയം, പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്നാണ് വിവരമെന്ന് ഹേമാംബികനഗർ പോലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. ഇതിനു മുൻപ് അനൂപ് മീരയെ മർദിച്ചിരുന്നു. അമ്മയ്ക്കൊപ്പം പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാനിരിക്കെ ആണ് അനൂപ് പിണക്കം അവസാനിപ്പിക്കാൻ എത്തിയത്. പിന്നീട് അനൂപിന്റെ വീട്ടിൽ എന്താണ് നടന്നതെന്ന കാര്യത്തിലാണ് അവ്യക്തതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം യുവതിയുടെ മൃതദേഹം സംസ്കരിച്ചു. ഭർത്തൃപീഡനം ആരോപിച്ച് ഇതുവരെയും സ്റ്റേഷനിൽ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്എച്ച്ഒ കെ. ഹരീഷ് പറഞ്ഞു. ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായതുമായി ബന്ധപ്പെട്ട് മുൻപും പരാതികൾ വന്നിട്ടില്ല. മരിക്കാനുണ്ടായ കാരണത്തിൽ വ്യക്തതവരുത്തണമെന്ന മീരയുടെ അമ്മയുടെ മൊഴിപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരേതനായ സുന്ദരനാണ് മീരയുടെ അച്ഛൻ. അമ്മ: സുശീല.
സൈനിക ഹെലികോപ്ടറുകളിൽ തൂങ്ങിക്കയറി നേപ്പാൾ മന്ത്രിമാർ, വളഞ്ഞിട്ട് ആക്രമിച്ച് പ്രതിഷേധക്കാർ