ചെന്നൈ: സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കാനാവാതെ യുവതി സ്വന്തംവീട്ടിൽ വച്ചു ജീവനൊടുക്കി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. പ്രിയദർശിനി എന്ന ഇരുപത്തെട്ടുകാരിയാണ് ജീവനൊടുക്കിയത്. ഉസിലംപട്ടിക്ക് സമീപം പെരുമാൾ കോവിൽപട്ടി സ്വദേശിനിയായ പ്രിയദർശിനി 2024 സെപ്റ്റംബറിലാണ് വിവാഹിതയായത്. സെല്ലൂർ സ്വദേശിയായ റുബൻരാജ് ആയിരുന്നു വരൻ.
അന്നു വിവാഹവേളയിൽ 150 പവൻ സ്വർണമാണ് പ്രിയദർശിനിക്ക് കുടുംബം നൽകിയത്. പിന്നീട് ബാക്കി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് സാധിക്കാതെ വന്നതോടെയാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് പ്രിയദർശിനിയുടെ കുടുംബം ആരോപിച്ചു. കൊടുക്കാമെന്ന് പറഞ്ഞ ബാക്കി 150 പവൻ വേണമെന്നു പ്രിയദർശിനിയോട് ഭർത്താവിന്റെ മാതാപിതാക്കൾ നിരന്തരം ആവശ്യമുന്നയിച്ചിരുന്നെന്ന് യുവതിയുടെ മാതാപിതാക്കളായ അഗിനിയും സെൽവിയും പറഞ്ഞു. പ്രശ്‌നം ഗുരുതരമായതോടെ കുറച്ചുമാസങ്ങൾക്ക് മുൻപ് പ്രിയദർശിനി സ്വന്തംവീട്ടിലേക്ക് മടങ്ങി.
ഇതിനിടെ റുബൻരാജിന് അവരുടെ കുടുംബം രണ്ടാമതൊരു കല്യാണം ആലോചിക്കുന്ന വിവരം ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രിയദർശിനി അറിയാനിടയായി. ഇതോടെ വിഷംകഴിച്ച് യുവതി ജീവനൊടുക്കുകയായിരുന്നു. പ്രിയദർശിനിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധുര പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.