കണ്ണൂർ: ജയിൽ ചാടിയെന്നു വിവരം ലഭിച്ച് വളരെ വേഗം പോലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിധിൻ രാജ്. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ഭാഗത്തുനിന്ന് വലിയ ജാഗ്രത ഉണ്ടായി. വിവരം ലഭിച്ച ഉടൻ സംസ്ഥാനത്ത് ഉടനീളം വിവരം കൈമാറിയെന്നും നിധിൻ രാജ് പറഞ്ഞു.
നിധിൻ രാജിന്റെ വാക്കുകൾ ഇങ്ങനെ-
‘‘പോലീസിന് ആറര കഴിഞ്ഞാണ് വിവരം ലഭിച്ചത്. ഉടൻ സംസ്ഥാനത്തൊട്ടാകെ വിവരം കൈമാറി. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ജനങ്ങളിലേക്ക് വളരെ വേഗം വിവരം എത്തിച്ചു. ജാഗ്രതയുടെ ഭാഗമായിട്ടാണ് സിസിടിവി പരിശോധിച്ചത്. ഇതിൽ നിന്നും നാലേകാലിനാണ് ജയിൽചാടിയതെന്ന് മനസിലാക്കി. പോലീസിന്റേത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു പിന്നീടങ്ങോട്ട്. മൂന്നര മണിക്കൂർകൊണ്ടു തന്നെ ഗോവിന്ദച്ചാമിയെ പിടികൂടി.
ഇതിനിടെ തളാപ്പിൽ നിന്ന് നിർണായകമായ വിവരമാണ് ലഭിച്ചത്. അവിടെ ഒഴിഞ്ഞ വീട്ടിലെ കിണറിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും. ജയിൽ ചാടാൻ വേണ്ടി പ്രതി നേരത്തെതന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ കയ്യിൽനിന്ന് ടൂൾസ് കണ്ടെത്തിയിട്ടുണ്ട്. ജാഗ്രത വലിയതായിരുന്നു. പോലീസും മാധ്യമങ്ങളും ജനങ്ങളും വാച്ച്മാൻ പോലെ എല്ലാവരും ജാഗ്രത കാണിച്ചു. വിവരം നൽകിയവർക്ക് അഭിനന്ദനങ്ങൾ. കൂടുതൽ അന്വേഷണം നടത്തും.’’– നിധിൻ രാജ് പറഞ്ഞു.
അതേസമയം ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിക്ക് രണ്ടു കിലോമീറ്റർ ദൂരം പോലും പോകാനായില്ല. അതിനു മുൻപുതന്നെ നാട്ടുകാരുടെ കണ്ണിൽ പെടുകയായിരുന്നു. ഗോവിന്ദച്ചാമിയെ റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് പിടികൂടിയത്. ആദ്യം വീട്ടിൽ പ്രതിയുണ്ടെന്നറിഞ്ഞതോടെ പോലീസ് വീടുവളയുകയായിരുന്നു. ഇതിനിടെ ഇയാൾ വീടിനു സമീപത്തുള്ള കിണറ്റിൽ ഒളിച്ചു. പിന്നാലെ പോലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
2011 ൽ ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. ആദ്യം ഇയാളെ വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും സുപ്രീം കോടതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്നു കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവെ ഇന്നു പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.
സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. ആദ്യം പുലർച്ചെ 1.15ഓടെ ഇയാൾ ജയിൽ ചാടിയതെന്നാണ് അറിഞ്ഞതെങ്കിലും പിന്നീട് 4.15യാണ് ഇയാൾ ജയിൽ ചാടിയതെന്ന് പോലീസ് അറിയിച്ചു. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. അതേസമയം 7.5 മീ. ആണ് ജയിൽ മതിലിന്റെ ഉയരം. അത് കടക്കാൻ ഒരാളുടെ സഹായമില്ലാതെ പറ്റില്ല. കൂടാതെ ഫെൻസിങ്ങിൽ വൈദ്യുതിയില്ലെന്നു എങ്ങനെ മനസിലാക്കിയെന്ന കാര്യവും ദുരൂഹമാണ്. അതേസമയം ജയിലിലെ സ്ഥിരം പ്രശ്നക്കാരനും കൂടിയാണ് ഗോവിന്ദച്ചാമി. പലപ്പോഴും ഭക്ഷണ കാര്യത്തിൽ ഇയാൾ ജയിലിൽ വഴക്കുണ്ടാക്കിയിട്ടുണ്ട്. ബിരിയാണി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പാത്രങ്ങൾ തകർത്തിട്ടുണ്ട്.
2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു.