പിറവം: കുരുമുളക് പറിക്കുന്നതിനിടെ കമ്പൊടിഞ്ഞ് നാൽപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽവീണ ഭർത്താവിന് രക്ഷകയായി ഭാര്യ. പിറവം സ്വദേശി രമേശനാണ് കുരുമുളക് പറിക്കുന്നതിനിടെ കമ്പൊടിഞ്ഞ് കിണറ്റിൽവീണത്. ഇതോടെ ഭാര്യ പത്മ, കയർവഴിയിറങ്ങി ഫയർഫോഴ്‌സ് എത്തുന്നതുവരെ വെള്ളത്തിൽ മുങ്ങിപ്പോകാതെ രമേശനെ താങ്ങിപ്പിടിച്ച് നിന്നു. ഫയർഫോഴ്‌സ് എത്തി ആദ്യം രമേശനെയും പിന്നീട് പത്മത്തെയും കിണറ്റിൽനിന്ന് മുകളിലെത്തിച്ചു. ഇരുവരും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ഇലഞ്ഞിക്കാവ് എട്ടാം ഡിവിഷനിലായിരുന്നു സംഭവം. പോലീസ് സേനയിൽനിന്ന് വിരമിച്ചയാളാണ് രമേശൻ. ഇവർ മൂവാറ്റുപുഴയിലാണ് താമസിക്കുന്നത്. കൃഷി ആവശ്യത്തിനായി ഒരു പുരയിടം ഇവർ പിറവത്ത് വാങ്ങിയിരുന്നു. ഈ പുരയിടത്തിൽ, കിണറിന് സമീപത്തുനിന്ന കുരുമുളക് പറിക്കുന്നതിനിടെ കാൽവഴുതി അകത്തേക്ക് വീഴുകയായിരുന്നു.
രമേശൻ കുരുമുളക് പറിക്കുന്നതിനടുത്ത്തന്നെ അനുജന്റെ കുട്ടിയുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മരം ഒടിയുന്ന ശബ്ദം കേട്ടതെന്ന് പത്മ പറയുന്നു. ‘നോക്കിയപ്പോൾ മരം ഒടിഞ്ഞ് കിണറിന് മുകളിൽ കിടക്കുന്നു. മരത്തിൽ കുരുമുളക് പറിച്ചുകൊണ്ടുനിന്ന ആൾ താഴെപ്പോയെന്ന് അപ്പോൾ മനസിലായി. ഓടിച്ചെന്ന് കയർ എടുത്തുവന്നു. അനുജനും കുടുംബവും അയൽവാസികളും ഓടിവന്നിരുന്നു. അവർ കിണറ്റിലേയ്ക്ക് കയർ കെട്ടി ഇറക്കി. പക്ഷേ, ആ കയറിൽ പിടിച്ച് കയറാൻ ഭർത്താവിന് കഴിയുന്നില്ലായിരുന്നു. ഭർത്താവ് ഉറക്കം തൂങ്ങുന്നതുപോലെ കുഴഞ്ഞ് വെള്ളത്തിലേക്ക് പോകുന്നതാണു കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല. ഓടിച്ചെന്ന് കയറിൽപിടിച്ച് താഴേക്കിറങ്ങി. കുറച്ച് ഇറങ്ങിയപ്പോഴേക്കും കൈയ്ക്ക് ബുദ്ധിമുട്ടായി. കൈ ഊർന്നുപോകാൻ തുടങ്ങി. കിണറ്റിലേക്ക് നോക്കിയപ്പോൾ ഭർത്താവിനെ കാണാനുമില്ല, മുങ്ങിപ്പോയിട്ടുണ്ട്. താമസിച്ചാൽ പറ്റില്ലല്ലോ. ഉടനെ എടുത്തുചാടുകയായിരുന്നു.
തുടർന്ന് മുങ്ങിപ്പോകാതിരിക്കാൻ ഇരുകൈകളിലുമായി രമേശനെ താങ്ങിപ്പിടിച്ചു നിന്നു. സംഭവം കണ്ടുനിന്ന ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്‌സെത്തിയാണ് ഇരുവരെയും രക്ഷിച്ചത്.