കോട്ടയം: സ്ഥാനാർത്ഥികളെയും ഉദ്യോഗസ്ഥരെയും സിപിഐഎം ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ സിപിഐഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് പറഞ്ഞ സതീശൻ, പാർട്ടി സെക്രട്ടറിയുടെ നിയോജകമണ്ഡലത്തിൽ മറ്റാരും നാമനിർദേശപത്രിക കൊടുക്കാൻ പാടില്ലെന്നാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു.
വനിതാ സ്ഥാനാർത്ഥികളെ അവരുടെ വീടുകളിൽ പോയി ഭീഷണിപ്പെടുത്തുന്നതടക്കമുള്ള പരാതികളാണ് പുറത്തുവരുന്നത്. ആളുകളെ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തി നിങ്ങളെ തട്ടിക്കളയും ഇല്ലതാക്കിക്കളയും എന്നെല്ലാമാണ് പറയുന്നത്. ബിജെപി എന്ന ഫാസിസ്റ്റ് പാർട്ടിയിൽനിന്ന് വ്യത്യസ്തമല്ല സിപിഐഎം, ഇതും ഒരു ഫാസിസ്റ്റ് പാർട്ടിയാണെന്ന് അവർ തെളിയിക്കുകയാണെന്നും സതീശൻ പറഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയാണ്. ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത കാര്യമാണിതെന്നും സതീശൻ വ്യക്തമാക്കി.
സത്യസന്ധവും നീതിപൂർണവുമായ തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാമാണ് അവർ ചെയ്യുന്നത്. എറണാകുളത്ത് ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി. അതിന് കാരണമായി പറയുന്നത് അവർ ഖാദി ബോർഡിലെ അറ്റാച്ച്ഡ് ജീവനക്കാരിയാണ് എന്നതാണ്. ഇതേ ജോലി ചെയ്യുന്ന നാല് സിപിഐഎം സ്ഥാനാർത്ഥികളുടെ പത്രികകൾ കണ്ണൂരും കാസർകോടും സ്വീകരിച്ചിട്ടുണ്ട്. എറണാകുളം കടമക്കുടി ഡിവിഷനിൽ സ്ഥാനാർത്ഥി നാമനിർദേശ പത്രിക തിരുത്തി തിരിച്ചുവന്നപ്പോൾ അവരെ അകത്ത് കയറ്റിയില്ല. പൊലീസും ചിലരും ചേർന്ന് സ്ഥാനാർത്ഥിയെ തടഞ്ഞുനിർത്തി. എന്ത് തോന്നിവാസവും കാണിക്കാമെന്ന രീതിയിലാണ്. എന്ത് കാണിച്ചാലും സിപിഐഎം വിജയിക്കില്ല. ജയിക്കാൻ പോകുന്നത് യുഡിഎഫ് ആണ്. യുഡിഎഫ് അധികാരത്തിൽ വരും. അതിൽ സംശയം വേണ്ടെന്നും സതീശൻ പറഞ്ഞു.



















































