കണ്ണൂർ:കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നാണു തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനർഥം പദ്ധതി ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴി നോക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിന് സഹായകമായ പദ്ധതിയായിരുന്നു കെ റെയിൽ. പക്ഷേ റെയിൽ പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു തെറ്റിദ്ധാരണയുണ്ടായിരുന്നില്ല. അനുമതി വേഗം ലഭിക്കും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ രാഷ്ട്രീയ നിലപാടുകൾ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ സമതി പറ്റില്ലെന്ന് ആദ്യം പറഞ്ഞ യുഡിഎഫ് തന്നെ അന്വേഷണം മികച്ച രീതിയിലെന്നു പറഞ്ഞു. പ്രതികൾക്കെതിരെ ആവശ്യമായ ഘട്ടത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കും. അക്കാര്യത്തിൽ കൂടുതൽ പറയാനില്ല.
ഈ തിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. ജനങ്ങൾ നല്ല പിന്തുണ നൽകി. തിരഞ്ഞെടുപ്പു കഴിയുമ്പോൾ എൽഡിഎഫ് കൂടുതൽ കരുത്തോടെ അധികാരത്തിൽ വരും. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ പങ്കുവഹിക്കുന്നു. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ 52648 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ടായി നൽകി. 2021നു ശേഷം അത് 70526 കോടി ആയി വർധിച്ചു. 2011 മുതൽ 16 വരെ യുഡിഎഫ് 29500 കോടി രൂപയാണ് നൽകിയത്. എൽഡിഎഫ് അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്താനുള്ള നില സ്വീകരിച്ചു. അത്തരമൊരു നിലപാടിൽ നിന്ന് പുറകോട്ട് പോകുന്ന സമീപനമാണ് യുഡിഎഫിന്റേത്. എൽഡിഎഫ് വീൺവാക്കു പറയാറില്ല. നടപ്പാക്കാറുള്ള കാര്യങ്ങളേ പറയാറുള്ളു. കേരളം എൽഡിഎഫിന് കൂടുതൽ കരുത്തു പകരുന്ന വധിയാണ് നൽകാൻ പോകുന്നത്.
കേരളത്തിലെ രണ്ടായിരത്തോളം സ്കൂളുകൾ 5000 കോടി രൂപ ചെലവിട്ട് നവീകരിച്ചു. പിഎം ശ്രീ നടപ്പായില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ല. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ പുത്തൻ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്നും പാഠ്യപദ്ധതിയിൽ ഗാന്ധിവധം, മുഗൾ ഭരണം തുടങ്ങിയവ ഉണ്ടാകാൻ പാടില്ലെന്നും പറഞ്ഞു. പക്ഷേ എന്തെല്ലാം ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചോ, അതെല്ലാം പഠിപ്പിക്കുന്ന നില കേരളത്തിൽ വന്നു. പുത്തൻ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും പിഎം ശ്രീ നടപ്പാക്കാതിരുന്നിട്ടുണ്ടോ? നമുക്ക് കിട്ടിക്കൊണ്ടിരുന്ന സർവശിക്ഷാ അഭിയാൻ ഫണ്ട് ലഭിക്കണം. പിഎം ശ്രീയിൽ ഒപ്പിട്ടില്ലെങ്കിൽ ഈ ഫണ്ട് ലഭിക്കില്ലെന്നു പറഞ്ഞു. നേരത്ത് കിട്ടിക്കൊണ്ടിരുന്ന ഫണ്ട് ലഭിക്കാതെ വന്നതോടെ വിഷമത്തിലായി. ഇത് ശ്വാസം മുട്ടിക്കുന്ന അവസ്ഥയായി. പുത്തൻ വിദ്യാഭ്യാസ നയം ഏതു രീതിയിൽ വന്നാലും നടപ്പാക്കില്ല. സിലബസ് തയാറാക്കുന്നത് നമ്മളാണ്.
പ്രധാനമന്ത്രി മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമി സന്ദർശിച്ചപ്പോൾ സഹായം കിട്ടുമെന്നു നമ്മൾ പ്രതീക്ഷിച്ചു, കിട്ടിയില്ല. എയിംസ് കിട്ടുമെന്ന് പ്രതീക്ഷിച്ചു, കിട്ടിയില്ല. കണ്ണൂർ വിമാനത്തവളം പോയിന്റ് ഓഫ് കോൾ കിട്ടിയില്ല. എന്നു കരുതി കേന്ദ്രവുമായി വീണ്ടും ബന്ധപ്പെടാനില്ല എന്ന് തീരുമാനിക്കാൻ സാധിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

















































