തിരുവനന്തപുരം: കേരളം നടുക്കത്തോടെ കണ്ട വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കു പുനരധിവാസത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധിയടക്കം എംപി ഫണ്ടില്‍നിന്ന് പണം അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. രാഹുല്‍ ഗാന്ധിക്കു പിന്നാലെ വയനാട്ടില്‍ മത്സരിച്ചു ജയിച്ച പ്രിയങ്ക ഗാന്ധി, വയനാട്ടില്‍ ഇനി രണ്ട് എംപിമാരുണ്ടാകുമെന്നു പ്രഖ്യാപിച്ചാണ് മടങ്ങിയത്. എന്നാല്‍, രാഹുലോ പ്രിയങ്കയോ മറ്റ് കോണ്‍ഗ്രസ് എംപിമാരോ ചില്ലിക്കാശ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നല്‍കിയില്ലെന്ന് ഇന്നലെ വെളിപ്പെടുത്തി.
യുഡിഎഫില്‍നിന്ന് ഷാഫി പറമ്പില്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ 25 ലക്ഷം നല്‍കിയത് ഒഴിച്ചാല്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. പിടിഎ റഹീം എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിന്ന് ലോക്‌സഭയില്‍ 20, രാജ്യസഭയില്‍ ഒമ്പത്, നോമിനേറ്റഡ് രണ്ട് എന്നിങ്ങനെ 31 എംപിമാരാണുള്ളത്.
ഇവരില്‍ ജോണ്‍ ബ്രിട്ടാസ് ഒരുകോടി, പി. സന്തോഷ് കുമാര്‍, പി.പി. സുനീര്‍, കെ രാധാകൃഷ്ണന്‍, ഡോ. വി. ശിവദാസന്‍, എ എ റഹീം, ജോസ് കെ മാണി, ഷാഫി പറമ്പില്‍ എന്നിവര്‍ 25 ലക്ഷം വീതം, എന്‍ കെ പ്രേമചന്ദ്രന്‍ 10 ലക്ഷം, പി ടി ഉഷ അഞ്ച് ലക്ഷം എന്നിങ്ങനെയാണ് എംപിമാര്‍ തങ്ങളുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.
വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും ഇതുവഴി രാജ്യത്തെ മുഴുവന്‍ എംപിമാര്‍ക്കും തുക അനുവദിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള എംപിമാര്‍ വയനാട് ദുരിതാശ്വാസത്തിനായി ലഭ്യമാക്കിയ തുക സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്ററി കാര്യ വകുപ്പില്‍ നിന്ന് ശേഖരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ജ്‌സ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയെന്ത് എന്നു തുറന്നുചോദിച്ചു.
സംസ്ഥാന സര്‍ക്കാരിനു വയനാട് പുനരധിവാസത്തിനായി ആദ്യഗഡു വായ്പയായി ഫെബ്രുവരിയില്‍ അനുവദിച്ച 529.50 കോടി രൂപ മാര്‍ച്ച് 31ന് അകം ചെലവഴിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. സ്ഥലം ഏറ്റെടുപ്പടക്കം ബൃഹത്തായ പദ്ധതി 45 ദിവസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കും അറിയാം. ഇക്കാര്യംതന്നെ കോടതിയും അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം എന്തുകൊണ്ടു രേഖാമൂലം സമര്‍പ്പിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.